റോ– റോ സർവീസ് മുടങ്ങിയത് യാത്രക്കാരെ വലച്ചു
Mail This Article
ഫോർട്ട്കൊച്ചി∙ ജെട്ടികളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി റോ– റോ സർവീസ് മുടങ്ങിയത് യാത്രക്കാരെ വലച്ചു. പകരം ബോട്ട് സർവീസും ഉണ്ടായിരുന്നില്ല. ഫോർട്ട്കൊച്ചി, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ എറണാകുളം നഗരത്തിലൂടെ ഗോശ്രീ പാലങ്ങൾ വഴിയാണ് സഞ്ചരിച്ചത്. റോ– റോ ജങ്കാറുകൾ മുടങ്ങുമെന്ന് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് അറിയാതെ മറ്റ് ജില്ലകളിൽ നിന്ന് എളുപ്പ യാത്രാമാർഗം എന്ന നിലയിൽ തീര ദേശ റോഡിലൂടെ വന്ന വാഹന യാത്രികരും ബുദ്ധിമുട്ടിലായി.
റോ– റോ ജങ്കാറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുന്നതിനാൽ 10 ദിവസമായി ഒരു റോ– റോ മാത്രമാണ് സർവീസിനുള്ളത്. ഇതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. പകരം സർവീസ് നടത്താറുള്ള ഫോർട്ട് ക്വീൻ ബോട്ട് സർവീസിനില്ലാത്തത് യാത്രാ ക്ലേശം വർധിപ്പിക്കുന്നു. റോ– റോ സർവീസ് മുടങ്ങുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ബദൽ സംവിധാനം ഏർപ്പെടുത്താൻ നടപടി എടുക്കാതിരുന്ന നഗരസഭാ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.