ADVERTISEMENT

നെടുമ്പാശേരി ∙ വേനൽ കനത്തതോടെ ആവശ്യത്തിന് വെള്ളമെത്താത്തതിനാൽ അത്താണി കുറുന്തലക്കോട്ട് ചിറ മെലിഞ്ഞു. ചിറയിൽ വെള്ളം താഴ്ന്നത് പ്രദേശത്തെ കിണറുകളിൽ ജലക്ഷാമത്തിനും ഇടയാക്കിയിരിക്കുകയാണ്. നെടുമ്പാശേരിയിലെ പഴയ ഓട്ടു കമ്പനിക്ക് സമീപത്തെ അങ്കണവാടി പരിസരത്ത് നിന്ന് ആരംഭിച്ച് കേരള ഫാർമസിക്ക് സമീപം ദേശീയപാതയോരത്ത് അവസാനിക്കുന്നതാണ് കുറുന്തലക്കോട്ട് ചിറ. മഴക്കാലത്ത് പ്രദേശത്ത് പെയ്യുന്ന മഴവെള്ളം മുഴുവൻ സംഭരിക്കുന്നത് ചിറയിലാണ്. എന്നാൽ വേനലിൽ ചിറയിലേക്ക് വെള്ളമെത്തുന്നതിന് കനാൽ വെള്ളം മാത്രമാണ് ശരണം. ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്ന് ദേശം വഴി വിമാനത്താവള പരിസരത്ത് എത്തുന്ന കനാൽ വെള്ളം കോരത്തോട്, കരിങ്കണം തോട് വഴിയണ് കുറുന്തലക്കോട്ട് ചിറയിലെത്തുന്നത്. എന്നാൽ ആവശ്യത്തിന് വെള്ളം ചിറയിലേക്ക് എത്താത്തതിനാൽ ചിറയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്.

വിമാനത്താവള പരിസരത്ത് എത്തുന്ന കനാൽ വെള്ളം പല ഭാഗങ്ങളിലേക്ക് തിരിഞ്ഞു പോകുന്നുണ്ട്. ഇവിടെ വെള്ളം തിരിച്ചു കൊണ്ടുപോകുന്നതിന് ഒരു സമയക്രമം നിശ്ചയിച്ചിട്ടില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതു പോലെ സംഘടിത ശക്തി കൂടുതലുള്ളിടത്ത് കൂടുതൽ വെള്ളമെത്തുന്ന അവസ്ഥയാണുള്ളത്. കനാലിന്റെ ഒരു ഭാഗമാണ് കോരത്തോട്, കരിങ്കണംതോടുകൾ വഴി ചിറയിലെത്തുന്നത്. തോടുകൾ യഥാസമയത്ത് വൃത്തിയാക്കാത്തതും വെള്ളം ആവശ്യത്തിന് ചിറയിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. കനാൽ വെള്ളം എത്തുന്ന തോട് തുരുത്തിശേരി കോരത്തോട് വരെ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. തുടർന്ന് ഇത് വിമാനത്താവള പരിസരത്തെ ഗോൾഫിനുള്ളിലൂടെയാണ് വിമാനത്താവള റോഡിലെത്തുന്നത്. ഗോൾഫിനുള്ളിൽ കലുങ്കിനുള്ളിലൂടെ തോട് ഒഴുകുന്നത് മൂലവും തടസ്സങ്ങളുണ്ട്. ഇലയും മറ്റും അടിഞ്ഞും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.

വിമാനത്താവള റോഡരികിലൂടെ ഒഴുകുന്ന കരിങ്കണംതോട് ആകെ തകർന്ന നിലയിലാണ്. ഈ തോടിനടിയിലൂടെയാണ് പലയിടത്തും എൽഎൻജി പൈപ്പ് ലൈൻ കടന്നു പോയിരിക്കുന്നത്. തോട് സിയാലിന്റെ കൈവശമാണിപ്പോൾ. റോഡ് മികച്ചതായി പരിപാലിക്കുന്നുണ്ടെങ്കിലും തോടിന്റെ കാര്യത്തിൽ സിയാൽ തികഞ്ഞ അവഗണനയാണ്. തോട് ഒന്നര മീറ്ററോളം വരെ ഉയരത്തിൽ ചെളി അടിഞ്ഞ് കിടക്കുകയാണ്. കനാലിൽ നിന്ന് വെള്ളമെത്തിച്ചാൽ പോലും ഈ തോട്ടിലൂടെ ഇത് ചിറയിലേക്ക് ഒഴുകിയെത്തണമെങ്കിൽ ഭഗീരഥ പ്രയത്നം വേണം. വേനൽ കനത്താൽ ചിറയുടെ പ്രദേശത്തെ കിണറുകൾ വറ്റി വരളും. ചിറയിൽ നിന്ന് വെള്ളമെടുത്ത് പ്രവർത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷന്റെ പ്രവർത്തനവും അവതാളത്തിലാവും. 

ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി എത്തുന്ന വെള്ളം വിമാനത്താവള പരിസരത്ത് ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് തിരിച്ചു വിടുന്നതിന് വ്യക്തമായ സംവിധാനമാണ് ആദ്യം വേണ്ടത്. പിന്നീട് ചിറയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തോടുകളിലൂടെ വെള്ളം ഒഴുകിപ്പോകുമെന്ന് ഉറപ്പു വരുത്തുകയും വേണം. ഇപ്പോൾത്തന്നെ ചിറയിലെ ജലനിരപ്പ് ഏറെ താഴ്ന്നു. ചിറയുടെ പല ഭാഗത്തും കരഭൂമി കാണാവുന്ന അവസ്ഥയായി. ചിറ ഇപ്പോൾ പായലും പുല്ലും നിറഞ്ഞ് കിടക്കുകയാണ്. ചിറയിലേക്ക് ആവശ്യത്തിന് വെള്ളമെത്തിയാൽ ഇവ ഒഴുകി പുറത്തു പോകും. ഏറെക്കാലം പുല്ലും പായലും ചിറയിൽ തങ്ങി നിൽക്കാനിടയായാൽ കിണറുകളിലെ വെള്ളം മലിനമാകാനും ഇത് കാരണമാകും. ചിറയിലേക്ക് കൃത്യമായി വെള്ളം എത്തിക്കുന്നതിന് ശാശ്വതമായ സംവിധാനം അടിയന്തിരമായി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com