ചൂട്: പാൽ ഉൽപാദനം കുറഞ്ഞു; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
Mail This Article
കിഴക്കമ്പലം∙ പൊള്ളുന്ന വെയിലിൽ പാൽ ഉൽപാദനം വലിയ തോതിൽ കുറഞ്ഞതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനലിൽ പരിപാലനച്ചെലവ് വർധിക്കുകയും ചെയ്തതോടെ ക്ഷീര കർഷകരുടെ സ്ഥിതി അതീവ ദയനീയമാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ സൊസൈറ്റി വഴി ലഭിക്കുന്ന കാലിത്തീറ്റ വില 1500 രൂപയിലേക്ക് എത്തി. കടുത്ത വേനലിൽ ക്ഷീര കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകളെല്ലാം മിക്കയിടത്തും കരിഞ്ഞുണങ്ങി കഴിഞ്ഞു.
കടുത്ത വേനൽച്ചൂടിൽ കറവപ്പശുക്കൾ തളർന്നുവീഴുന്ന സംഭവങ്ങളും സാധാരണയാണ്. ചൂട് ഉയരുന്നതിനനുസരിച്ചു ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് പാൽ ലഭ്യതയിൽ കുറവു വരുത്തുന്നത്. ചൂടു കൂടുന്നതിന് അനുസരിച്ചു കിതപ്പും കൂടും. വായിൽ നിന്നു നുരയും പതയും വരും ഇതിനൊപ്പം നീർക്കെട്ടും, പനിയും ബാധിക്കുന്നതോടെ കന്നുകാലികൾ തികച്ചും അവശരാകുന്ന സ്ഥിതിയുമുണ്ട്.
പശു ഫാമുകളിൽ താപനില ഉയരാതെ സൂക്ഷിക്കാൻ ഫാനും തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനവും പല കർഷകരും ഒരുക്കുന്നുണ്ടെങ്കിലും പാൽ ഉൽപാദനം കുറഞ്ഞു തന്നെയാണ്. സാധാരണ തൊഴുത്തുകളിൽ പശുക്കളെ അടുത്തടുത്ത് കെട്ടിയിടുമ്പോൾ ചൂട് വർധിക്കുകയും പാൽ ഉൽപാദനം പകുതിയോളം കുറയുകയും ചെയ്യുന്നുണ്ട്.