വികസന പദ്ധതി ഫണ്ട് വിനിയോഗം: പിന്നിൽ നിന്ന് തൃപ്പൂണിത്തുറ 8–ാമത്
Mail This Article
തൃപ്പൂണിത്തുറ ∙ വികസന പദ്ധതി ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളുടെ ലിസ്റ്റിൽ പിറകിൽ നിന്നു 8 –ാം സ്ഥാനത്ത് തൃപ്പൂണിത്തുറ നഗരസഭ. 2023 – 24 സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 56.28 ശതമാനം മാത്രമാണ് നഗരസഭയുടെ പദ്ധതി വിനിയോഗം. സംസ്ഥാനത്തെ 87 നഗരസഭകളിൽ 80–ാം സ്ഥാനമാണ് നഗരസഭയ്ക്കു ഉള്ളത്. 16.31 കോടി രൂപയിൽ 9.18 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത് എന്നാണ് കണക്കുകൾ പറയുന്നത്. 2022 – 23 സാമ്പത്തിക വർഷത്തിൽ 18.44 കോടി രൂപയിൽ 14.82 കോടി രൂപ ചെലവഴിച്ചു 80.37 ശതമാനത്തോടെ തവണ 60 –ാം സ്ഥാനമായിരുന്നു തൃപ്പൂണിത്തുറയ്ക്ക്. 2021– 22 വർഷത്തിൽ 14.04 കോടി രൂപയിൽ 12.85 കോടി രൂപയും ചെലവഴിച്ചു 91.52 ശതമാനത്തോടെ 35–ാം സ്ഥാനവും ഉണ്ടായിരുന്നു. നഗരസഭകളിലെ പദ്ധതി വിനിയോഗത്തിൽ 47.88 ശതമാനവുമായി ജില്ലയിൽ ഏറ്റവും പിന്നിലുള്ളത് തൃക്കാക്കരയാണ്.
ജില്ലയിൽ മുന്നിലുള്ളത് മരടും– 83.89 ശതമാനം. സംസ്ഥാനത്ത് കരുനാഗപ്പള്ളി, മാനന്തവാടി, നിലമ്പൂർ, വടക്കാഞ്ചേരി, തൃക്കാക്കര, താനൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ മാത്രമാണു തൃപ്പൂണിത്തുറയ്ക്കു പിന്നിലുള്ളത്. എല്ലാ ബില്ലുകളും നൽകിയിട്ടും പാസാക്കാത്തതാണ് ഇതിനു കാരണം എന്നാണു നഗരസഭാധികൃതർ പറയുന്നത്. കോടിക്കണക്കിനു രൂപയുടെ ബില്ലുകളാണു ട്രഷറി അധികൃതർ മടക്കിയത്. ബില്ലുകൾ എല്ലാം പാസാക്കിയിരുന്നു എങ്കിൽ ഫണ്ട് വിനിയോഗം 80 ശതമാനത്തിൽ ഏറെ ആകുമായിരുന്നു എന്നു നഗരസഭാധികൃതർ പറഞ്ഞു. 90 ലക്ഷം രൂപയിൽ അധികമുള്ള പദ്ധതിയായ എംസിഎഫിന്റെ നിർമാണം വിവിധ സംഘടനകൾ പരാതി നൽകി മുടക്കിയതോടെ പദ്ധതി നടപ്പായില്ല. ഇതും ഫണ്ട് വിനിയോഗത്തെ ബാധിച്ചിരുന്നു എന്നു നഗരസഭാധികൃതർ പറഞ്ഞു.