വാട്ടർ മെട്രോ കുതിക്കും, ഫോർട്ട്കൊച്ചിയിലേക്ക്: സർവീസ് 21 മുതൽ; നിരക്ക് 40 രൂപ
Mail This Article
ഫോർട്ട്കൊച്ചി∙ വാട്ടർ മെട്രോ ഫോർട്ട്കൊച്ചിയിലേക്ക് 21 മുതൽ സർവീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്കും ജനങ്ങൾക്കും ഗതാഗതക്കുരുക്കിൽ പെടാതെ ഫോർട്ട്കൊച്ചിയിലെത്താം. ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്‌യാഡ് 14–ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറി. ഈ ബോട്ടിന്റെയും ടിക്കറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണു ഫോർട്ട്കൊച്ചി ടെർമിനലിൽ നിന്നു സർവീസ് തുടങ്ങുന്നത്. ഹൈക്കോർട്ട് ജംക്‌ഷൻ ടെർമിനലിൽ നിന്നു ഫോർട്ട്കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
20 മുതൽ 30 മിനിറ്റ് വരെയുള്ള ഇടവേളകളിൽ ഹൈക്കോർട്ട് ജംക്‌ഷൻ– ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്താനാണ് തീരുമാനം. ഏറെ പ്രത്യേകതകളോടെയാണു ഫോർട്ട്കൊച്ചി ടെർമിനൽ ഒരുങ്ങുന്നത്. കടലിനോടു ചേർന്ന് കപ്പൽ ചാലിനരികെ ആയതിനാൽ മറ്റു ടെർമിനലുകളിലെ പോണ്ടൂണുകളിൽ നിന്നു വ്യത്യസ്തമാണ് ഇവിടത്തേത്. ഒരു മീറ്റർ വീതം വ്യാസമുള്ള 6 പൈലുകളിലാണു പോണ്ടൂണുകൾ നിർമിച്ചിട്ടുള്ളത്. ഓളങ്ങളെ പ്രതിരോധിക്കാൻ കഴിയും വിധം പ്രത്യേകം രൂപകൽപന ചെയ്ത ഇവിടത്തെ പോണ്ടൂണുകൾക്കു മറ്റുള്ളവയെക്കാൾ ആഴം കൂടുതലാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണു മറൈൻ പ്ലാറ്റ് ഫോം നിർമിച്ചിരിക്കുന്നത്. ഫോർട്ട്കൊച്ചിയുടെ പൈതൃകം ഒട്ടും ചോരാതെയാണു ടെർമിനലിന്റെ അകം. വിനോദ സഞ്ചാരികൾ ഏറെ വരുന്ന സ്ഥലമായതിനാൽ ദിശാ സൂചികകളും മറ്റു അറിയിപ്പുകളും വിവിധ ഭാഷകളിലുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സ്പാനിഷ്, ജർമൻ, ഫ്രഞ്ച് ഭാഷകളിൽ ദിശാ സൂചികകളുണ്ട്. ബീച്ചിലെ നടപ്പാത കൊച്ചി മെട്രോ നവീകരിച്ചു. 116 വഴി വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും മാറ്റി സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണു ടെർമിനലിന്റെ പരിസരങ്ങൾ നവീകരിച്ചത്.