പെരിയാറിൽ തുടർച്ചയായി മത്സ്യക്കുരുതി; ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങള്‍ നശിച്ചു
Mail This Article
ഏലൂർ ∙ പെരിയാറിൽ ബുധനാഴ്ച ഉച്ച മുതൽ തുടർച്ചയായി മത്സ്യക്കുരുതി. ലക്ഷക്കണക്കിനു രൂപയുടെ മത്സ്യങ്ങളാണ് നശിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30 മുതൽ തുടങ്ങിയ മത്സ്യക്കുരുതി ഇന്നലെ രാവിലെയും തുടർന്നു. വേലിയേറ്റത്തോടെയാണു മത്സ്യക്കുരുതി അവസാനിച്ചത്. പാതാളം റഗുലേറ്റർ ബ്രിജിനു മേൽത്തട്ടിൽ പുഴയിൽ കെട്ടിക്കിടന്ന മാലിന്യം ഷട്ടറുകൾ തുറന്നു താഴോട്ട് ഒഴുക്കിയതാണു മത്സ്യനാശത്തിനു കാരണമായത്. മലിനജലം കലർന്നു പുഴയുടെ താഴേത്തട്ടിൽ വെട്ടുകടവ് വരെ പുഴ പാൽനിറത്തിലാണ് ഒഴുകിയത്. ദുർഗന്ധവും വ്യാപിച്ചിരുന്നു. കരിമീനുകൾക്കാണു കൂടുതലും നാശം സംഭവിച്ചത്. പാതാളം റഗുലേറ്റർ പാലത്തിനു താഴെ പുഴയുടെ മേൽത്തട്ടിൽ പെരിയാർ വൻതോതിൽ മാലിന്യം നിറഞ്ഞ നിലയിലായിരുന്നു.
ശുദ്ധജലം വഹിക്കുന്ന മേൽത്തട്ട് ഭാഗത്തു പലയിടത്തും പുഴയുടെ നിറം കറുത്തും ചിലഭാഗത്തു മറ്റു നിറങ്ങളിലുമാണു കഴിഞ്ഞദിവസങ്ങളിൽ കിടന്നിരുന്നത്. റഗുലേറ്റർ പാലത്തിന്റെ ലോക്ക്ഷട്ടറിനടിയിലൂടെ മലിനജലം താഴേത്തട്ടിലേക്ക് പ്രവഹിക്കുകയാണ്. രണ്ടും മൂന്നും ആഴ്ച കൂടുമ്പോൾ ഷട്ടറുകൾ തുറക്കുമ്പോഴൊക്കെ പെരിയാറിൽ വൻതോതിൽ മത്സ്യക്കുരുതി നടക്കുന്നു. പെരിയാറിന്റെ മലിനീകരണം തടയുന്നതിനുള്ള നടപടികളൊന്നും മലിനീകരണ നിയന്ത്രണ ബോർഡും ഇറിഗേഷൻ വകുപ്പും സ്വീകരിക്കുന്നില്ല. മലിനീകരണം യഥാസമയം അറിയുന്നതിനും ജലത്തിന്റെ ഗുണനിലവാരം തത്സമയം വിലയിരുത്തുന്നതിനും ലക്ഷങ്ങൾ മുടക്കി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.