ADVERTISEMENT

കൊച്ചി ∙ പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്നലെ 20 ലക്ഷം പിന്നിട്ടു. രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം തുടങ്ങി 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവീസ് തുടങ്ങി 6 മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16ന് ആണു വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും 6 മാസത്തിനകം 10 ലക്ഷം യാത്രക്കാരെക്കൂടി വാട്ടർ മെട്രോയിലെത്തിച്ചാണ് 20 ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിലെത്താൻ  സാധിച്ചത്. 

14 ബോട്ടുകളുമായി 5 റൂട്ടുകളിലാണു നിലവിൽ സർവീസ്. ഹൈക്കോർട്ട് ജംക്‌ഷൻ- ഫോർട്ട്കൊച്ചി, ഹൈക്കോർട്ട് ജംക്‌ഷൻ- വൈപ്പിൻ, ഹൈക്കോർട്ട് ജംക്‌ഷൻ- ബോൾഗാട്ടി വഴി ചിറ്റൂർ, ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില- കാക്കനാട് എന്നിവയാണു റൂട്ടുകൾ. പദ്ധതി പൂർണതോതിലാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും. വാട്ടർ മെട്രോയുടെ ശീതീകരിച്ച ബോട്ടുകളിൽ യാത്രയ്ക്കുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രക്കാർക്കു നിരക്കിളവുകളോടെ പ്രതിവാര, പ്രതിമാസ പാസുകളുമുണ്ട്. 

കൊച്ചി വൺ കാർഡ് ഉപയോഗിച്ചു മെട്രോ റെയിലിലും വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ഡൻ ദ്വീപ്, കടമക്കുടി, മട്ടാഞ്ചേരി റൂട്ടുകളിൽ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ സർവീസ് തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബോട്ടുകളുടെ നിരയുള്ള സ്ഥാപനങ്ങളിലൊന്നു കൊച്ചി വാട്ടർ മെട്രോയാണ്. കൊച്ചിയിലെ ദ്വീപുകളെ വികസന പാതയിലേക്കു നയിക്കുന്ന പദ്ധതി, കൊച്ചിയുടെ ടൂറിസം രംഗത്തിനും മികച്ച വഴിയാണു തുറക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com