ഇറച്ചിവില ഇങ്ങനെയെങ്കിൽ ഇക്കളിക്ക് ഇല്ലെന്ന് നാട്ടുകാർ; ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് ക്യാംപെയ്ൻ
Mail This Article
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ പോത്തിറച്ചി, ആട്ടിറച്ചി എന്നിവയ്ക്കു മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കൂടുതൽ വില ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇറച്ചി ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് ക്യാംപെയ്നും ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ പോത്തിറച്ചി കിലോഗ്രാമിനു 330 രൂപയ്ക്കും, ആട്ടിറച്ചി 660 രൂപയ്ക്കും ലഭിക്കുമ്പോഴാണ് മൂവാറ്റുപുഴയിൽ പോത്തിറച്ചിക്ക് 400 മുതൽ 440 രൂപ വരെയും , ആട്ടിറച്ചി വില 900 രൂപയും ഈടാക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെ ക്യാംപെയ്ൻ ആരംഭിച്ചതോടെ ബഹിഷ്കരണ ആഹ്വാനത്തിന് പിന്തുണയുമായി ഒട്ടേറെപ്പേരാണ് എത്തുന്നത്.
കൃത്യമായ വില ഏകീകരണ സംവിധാനമില്ലാത്തതാണു പലയിടത്തും തോന്നിയ വില ഈടാക്കാനുള്ള കാരണം. പോത്തിറച്ചി വില നിയന്ത്രിക്കാൻ ജില്ലാ പഞ്ചായത്ത് 3 വർഷം മുൻപ് വില ഏകീകരണത്തിന് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത് കടലാസിൽ ഒതുങ്ങി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വില ഏകീകരണം നടപ്പാക്കണമെന്നാണ് ആവശ്യം.സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് മൂവാറ്റുപുഴയിൽ ആട്ടിറച്ചി, മാട്ടിറച്ചി എന്നിവയ്ക്കു മാസം തോറും വില വർധിപ്പിക്കുന്നു എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും അംഗീകൃത അറവുശാലകളില്ല. തോന്നുന്നിടത്ത് ഉരുക്കളെ അറുത്ത് ഇറച്ചി വിൽപനയ്ക്കായി എത്തിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാകണം എന്നും ഇവർ ആവശ്യപ്പെടുന്നു.