കടലിൽ ഉഷ്ണ തരംഗങ്ങൾ ഭീഷണി: ലക്ഷദ്വീപിലെ പവിഴപ്പുറ്റ് നശിക്കുന്നു; മീനുകളുടെ നിലനിൽപ്പ് അപകടത്തിൽ
Mail This Article
കൊച്ചി ∙ കടലിലെ ഉഷ്ണ തരംഗത്തെ തുടർന്നു ലക്ഷദ്വീപിലെ പവിഴപ്പുറ്റ് വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപു മേഖലയിലെ പവിഴപ്പുറ്റ് ആവാസ വ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു (വെളുക്കുന്നത്) വിധേയമായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ കണ്ടെത്തി. സമുദ്ര താപനില അസാധാരണമായി ഏറെക്കാലം ഉയർന്നു നിൽക്കുന്ന ഉഷ്ണ തരംഗങ്ങൾ ജൈവ വൈവിധ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും ഗുരുതര ഭീഷണിയാണു സൃഷ്ടിക്കുന്നത്.
താപ സമ്മർദം അളക്കുന്ന ഡിഗ്രി ഹീറ്റിങ് വീക്ക് (ഡിഎച്ച്‌ഡബ്ല്യു) പ്രകാരം ലക്ഷദ്വീപു മേഖലയിലേതു സാധാരണത്തേതിലും 4 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. ഇതാണു പവിഴപ്പുറ്റു നശിക്കാനും സമുദ്ര ജൈവ സമ്പത്തിന്റെ തകർച്ചയ്ക്കും വഴിയൊരുക്കുന്നത്. അമിതമായ താപ സമ്മർദം കാരണം പവിഴപ്പുറ്റിലെ സിംബിയോട്ടിക് ആൽഗകൾ നശിക്കുന്നതാണു ബ്ലീച്ചിങ്ങിനു കാരണമാകുന്നത്.
ഡിഎച്ച്‌ഡബ്ല്യു 12 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുകയാണെങ്കിൽ കടുത്ത ജൈവ പ്രതിസന്ധിക്കു കാരണമാകുമെന്നു സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. കെ.ആർ. ശ്രീനാഥ് പറഞ്ഞു. അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്ര പ്രവാഹത്തിലെ മാറ്റവുമാണു കടലിലെ ഉഷ്ണ തരംഗത്തിന്റെ പ്രധാന കാരണങ്ങളെന്നു സീനിയർ സയന്റിസ്റ്റ് ഡോ. ഷെൽട്ടൻ പാദുവ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്. പവിഴപ്പുറ്റു പോലുള്ള സമുദ്ര ജൈവ വൈവിധ്യങ്ങളുടെ തകർച്ച വിനോദ സഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. കടൽപുല്ല് പോലുള്ള മറ്റു സമുദ്ര സമ്പത്തിനും ഉഷ്ണ തരംഗം ഭീഷണിയാണ്. കടലിലെ ഭക്ഷ്യ ശൃംഖലയെ ബാധിക്കുന്നതോടെ മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പിനെ പോലും ഇത് അപകടത്തിലാക്കുമെന്നും സിഎംഎഫ്ആർഐ പഠന റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.