സൂര്യാഘാതം വളർത്തു മൃഗങ്ങളെ വലയ്ക്കുന്നു; കാലികളെ കരുതണം
Mail This Article
കൊച്ചി ∙ ജില്ലയിൽ സൂര്യാഘാതമേറ്റ് 39 കന്നുകാലികളും 9 പോത്തുകളും ചത്തു. ഫെബ്രുവരി മുതലുള്ള കണക്കാണിത്. 35 പശുക്കളും 4 കിടാക്കളും 6 പോത്തുകളും 3 പോത്തു കുട്ടികളുമാണു ചത്തത്. വളർത്തു മൃഗങ്ങൾക്കു സൂര്യാഘാതമേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു മൃഗ സംരക്ഷണ വകുപ്പ് നിർദേശിച്ചു. വളർത്തു മൃഗങ്ങൾ ക്രമാതീതമായി വാ തുറന്ന് അണയ്ക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ തുണിയോ ചണ ചാക്കോ നനച്ചു തുടയ്ക്കുന്നതു നല്ലതാണ്. വായിൽ നിന്നു നുരയും പതയും വരുന്നതും നാക്ക് പുറത്തിട്ട് അണയ്ക്കുന്നതു സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ഇതു ശ്രദ്ധയിൽ പെട്ടാൽ വിദഗ്ധ ചികിത്സ നൽകണം. തൊഴുത്തിൽ ചൂടും ഈർപ്പവും കുറയ്ക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ മേൽക്കൂര നനച്ചു കൊടുക്കുകയും ചൂടു വായു പുറത്തേക്കു തള്ളിക്കളയാനായി ഫാനുകൾ ഉപയോഗിക്കുകയും വേണം. നിർജലീകരണം ഒഴിവാക്കാൻ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. പകൽ 10നും 5നും ഇടയിൽ വളർത്തു മൃഗങ്ങളെ തുറസ്സായ സ്ഥലത്തു കെട്ടിയിടരുത്. ഭക്ഷണത്തോടൊപ്പം ധാതുലവണ മിശ്രിതം, ഇലക്ട്രോലൈറ്റ്സ്, പ്രോബയോട്ടിക്സ് എന്നിവ നൽകുന്നതു പാലിന്റെ അളവ് കുറയാതിരിക്കാൻ സഹായിക്കും.
നഷ്ടപരിഹാരം
സൂര്യാഘാതമേറ്റു മരിച്ച കന്നുകാലികൾക്കു ധനസഹായം ലഭിക്കാനായി പഞ്ചായത്തിലെ മൃഗാശുപത്രിയിൽ വിവരമറിയിക്കണം. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, പശുവിന്റെ ഫോട്ടോ, വാർഡ് അംഗത്തിന്റെ / പ്രസിഡന്റിന്റെ ശുപാർശ, റവന്യു വകുപ്പിൽ നിന്നു ധനസഹായം ലഭിച്ചിട്ടില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം എന്നിവയുൾപ്പെടെ ക്ഷീരകർഷകർ മൃഗാശുപത്രികളിൽ അപേക്ഷ നൽകണം.
സൂര്യാഘാതമേറ്റ് പശു ചത്തു
വടക്കേക്കര ∙ കനത്ത ചൂടിൽ സൂര്യാഘാതമേറ്റ് പശു ചത്തു. കുഞ്ഞിത്തൈ പനയകുളത്ത് ജോഫ്രി അവരേവിന്റെ എച്ച്എഫ് ഇനത്തിൽപ്പെട്ട കറവപ്പശുവാണ് ചത്തത്. 5–ാം തീയതി 11 മണിയോടെയാണ് സംഭവം. പറമ്പിൽ നിന്ന് അഴിച്ചു വീട്ടിലേക്ക് കൊണ്ടുപോകും വഴി പശു കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടർ പരിശോധിച്ച ശേഷം സൂര്യാഘാതം ഏറ്റിട്ടുണ്ടെന്ന് അറിയിച്ചതായി ജോഫ്രി പറഞ്ഞു. ദിവസേന ഏകദേശം 20 ലീറ്ററിലേറെ പാൽ നൽകിയിരുന്ന പശുവാണെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ജോഫ്രി പറഞ്ഞു.