ADVERTISEMENT

കൊച്ചി ∙ വാട്ടർ മെട്രോയിൽ യാത്രചെയ്യാൻ ആളുണ്ട്, പക്ഷേ ബോട്ടില്ല. 23 ബോട്ടിന് കരാർ നൽകിയിട്ട് ഇതുവരെ കിട്ടിയത് 14 മാത്രം. ബാക്കിയുള്ളത് എന്നു തരുമെന്നു കൊച്ചി കപ്പൽശാല ഉറപ്പു പറയുന്നില്ല. ഓഗസ്റ്റ്–സെപ്റ്റംബറോടെ 7 ബോട്ട് തരാമെന്നാണു കപ്പൽശാല അവസാനമായി പറഞ്ഞിരിക്കുന്നത്. ആ ഉറപ്പിൽ വാട്ടർ മെട്രോ ഭാവി പ്ലാൻ ചെയ്യുന്നു. അവധിക്കാല യാത്രയ്ക്കു നൂറുകണക്കിന് ആളുകൾ വാട്ടർ മെട്രോ ടെർമിനലുകളിലെത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു സർവീസ് ഇല്ലാത്തതിനാൽ ടെർമിനലുകളിൽ നീണ്ട ക്യൂ ആണ്.

പുതിയ ബോട്ടുകൾ വരുമ്പോൾ നിലവിലെ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനാണു വാട്ടർമെട്രോയുടെ തീരുമാനം. നിലവിൽ 25 മിനിറ്റ് ഇടവിട്ട് ഫോർട്ട്കൊച്ചിയിലേക്കു ബോട്ടുണ്ട്. യാത്രക്കാർ കൂടുതലെത്തുമ്പോൾ അഡീഷനൽ ബോട്ടുകളും ഇടുന്നു. വാട്ടർ മെട്രോയിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 5000 ആണ്. ചില അവധി ദിവസങ്ങളിൽ ഇത് 9000 കടക്കും. തിരക്ക് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

വൈറ്റില–കാക്കനാട്, ഹൈക്കോടതി–വൈപ്പിൻ, ഹൈക്കോടതി–ഫോർട്ട്കൊച്ചി, ഹൈക്കോടതി–ചിറ്റൂർ, ചിറ്റൂർ–ഏലൂർ തുടങ്ങിയ റൂട്ടുകളിൽ വാട്ടർ മെട്രോ സർവീസ് ഉണ്ടെങ്കിലും കൂടുതൽ ക്ലിക്കായതു വൈപ്പിനിലേക്കും ഫോർട്ട്കൊച്ചിയിലേക്കുമുള്ള റൂട്ടുകളാണ്. ചിറ്റൂരിലേക്കുള്ള യാത്ര മനോഹരമാണെങ്കിലും തിരിച്ചുവരാൻ എളുപ്പം ബോട്ട് ലഭിക്കില്ലെന്നതിനാൽ ആളുകളുടെ തള്ളിക്കയറ്റം കുറവ്. കൂടുതൽ ടെർമിനലുകളിലേക്കു സർവീസ് ആരംഭിക്കും മുൻപു നിലവിലുള്ള റൂട്ടുകളിൽ കൂടുതൽ ബോട്ടുകൾ ഓടിക്കാനാണു വാട്ടർ മെട്രോയുടെ ശ്രമം. പ്രതിദിനം 150 ട്രിപ്പുകളാണു വാട്ടർ മെട്രോ നടത്തുന്നത്.

ഇതിൽ പകുതിയും ഫോർട്ട്കൊച്ചി റൂട്ടിലാണ്. പുതുതായി 15 ബോട്ടുകൾ കൂടി വാങ്ങാൻ വാട്ടർമെട്രോ ടെൻഡർ ചെയ്തിട്ടുണ്ട്. 31 വരെയാണു സമയം. 50 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ബോട്ടുകൾ വാങ്ങാൻ നേരത്തേ ടെൻഡർ ചെയ്തെങ്കിലും 100 ബോട്ടുകളുടെ അതേ നിരക്കാണ് ചെറിയ ബോട്ടുകൾക്കും എന്നതിനാൽ വേണ്ടെന്നുവച്ചു.  തുടർന്നാണു 15 ബോട്ടുകൾ വാങ്ങാൻ തീരുമാനിച്ചത്. വാട്ടർ മെട്രോയുടെ അടുത്തതായി സർവീസ് ആരംഭിക്കുന്നതു മട്ടാഞ്ചേരിക്കായിരിക്കും. വില്ലിങ്ടൺ ഐലൻഡ് വഴിയാണു ഇൗ സർവീസ്. കുമ്പളം, കടമക്കുടി എന്നിവിടങ്ങളിലേക്കും വൈകാതെ സർവീസ് തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com