ADVERTISEMENT

കൊച്ചി ∙ കോർപറേഷനിലെ മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി നടന്നു വരികയാണെന്നു സെക്രട്ടറി വി.ചെൽസാസിനി അറിയിച്ചു. എല്ലാ കനാലുകളിലെയും തോടുകളിലെയും പോളയും പായലും നീക്കി. മാർച്ചിൽ തുടങ്ങിയ 243 ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. നഗരത്തിലെ കാനകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും നീക്കം ചെയ്യുന്നുണ്ട്.നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള 14 സ്ഥലങ്ങൾ കണ്ടെത്തി 6 എച്ച്പി മുതൽ 25 എച്ച്പി വരെ ശേഷിയുള്ള പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കനാലുകളിലെ അധികജലം ഒഴുക്കിവിടാൻ പെട്ടി– പറ സംവിധാനവും ഏർപ്പെടുത്തി.

സക്‌ഷൻ കം ജെറ്റിങ് മെഷീൻ ഉപയോഗിച്ചതു വഴി എംജി റോഡിലെ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പണം ലഭിക്കാത്തതു മൂലം മഴക്കാല പൂർവ ശുചീകരണം ഏറ്റെടുക്കാൻ പല കരാറുകാരും തയാറായിട്ടില്ലെന്നു യുഡിഎഫ് കൗൺസിലർ ആന്റണി പൈനുതറ കുറ്റപ്പെടുത്തി. ഇടയ്ക്കിടെ കേടാകുന്നതു മൂലം സക്‌ഷൻ കം ജെറ്റിങ് മെഷീൻ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനായിട്ടില്ല.

സാമൂഹിക പങ്കാളിത്തത്തോടെ ഊർജിത ശുചീകരണം
കൊച്ചി ∙ മഴക്കാലത്തിനു മുന്നോടിയായി റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ കോർപറേഷൻ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും നടക്കും. സെപ്റ്റംബർ വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ശുചീകരണം  തുടരുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.  ശുചീകരിക്കുന്ന സ്ഥലങ്ങളിൽ നിന്നു മാലിന്യം നീക്കാൻ 19 അംഗ സംഘത്തെ  നിയോഗിച്ചിട്ടുണ്ട്. മൺസൂൺ മഴയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകളിലെയും കാനകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

കാനകളും തോടുകളും ശുചീകരിക്കുന്ന ജോലികൾ 31നു മുൻപു പൂർത്തിയാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വ്യാപാര, വ്യവസായ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റു സാമൂഹിക സംഘടനകൾ, ആശാ വർക്കർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കർമ സേന തുടങ്ങിയവരോടു ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നു നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധം മുൻനിർത്തി ഉറവിട നശീകരണമുൾപ്പെടെയുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങളും ഊർജിതമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com