ADVERTISEMENT

വരാപ്പുഴ/കളമശേരി∙ പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഏതാനും വർഷങ്ങൾക്കിടെ ഇത്രയും മീനുകൾ പുഴയിൽ ചത്തു പൊങ്ങുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ഏലൂർ, ചേരാനല്ലൂർ, വരാപ്പുഴ, മൂലമ്പിള്ളി വരെയുള്ള ഭാഗങ്ങളിൽ വരെ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയുടെ മേൽത്തട്ടിൽ എത്തി. എടയാർ വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യങ്ങൾ പുഴയിലേക്കു തള്ളിയതിനെ തുടർന്നാണു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതെന്നാണ് ആക്ഷേപം. ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്താണ് നഷ്ടമായത്. ഇന്നലെ രാത്രി എട്ടര മണിയോടെ ഏലൂർ ഭാഗത്താണ് ആദ്യം മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. വേലിയിറക്കത്തിൽ വരാപ്പുഴ, ചേരാനല്ലൂർ, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലും മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയുടെ മേൽത്തട്ടിലെത്തി.

പുഴയുടെ അടിത്തട്ടിൽ കാണുന്ന നങ്ക്, കൂരി, പൂളാൻ ഉൾപ്പെടെ എല്ലാ ഇനങ്ങളിലുള്ള മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പൊങ്ങിയതോടെ നാട്ടുകാർ പലരും വലകളും മറ്റും കൊണ്ടു ഇവയെ കോരിയെടുത്തു. രാസമാലിന്യം കലർന്ന ഭാഗങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ നിറവും മാറിയിരുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുർഗന്ധം ശ്വസിച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതായി വരാപ്പുഴ പഞ്ചായത്ത് അംഗം ബെർലിൻ പാവനത്തറ പറഞ്ഞു.

പുഴയിലേക്കു രാസമാലിന്യങ്ങൾ ഒഴുക്കിയ സ്ഥാപനം കണ്ടെത്തി കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു ജില്ലാ കലക്ടർക്കു പരാതി നൽകുമെന്നും മത്സ്യ സമ്പത്ത് സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കടമക്കുടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി.വിപിൻരാജ് പറഞ്ഞു. രാസമാലിന്യങ്ങൾ കലർന്നത് മൂലം ചത്തു പൊങ്ങിയ മത്സ്യങ്ങൾ ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്നു ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

പാതാളം റഗുലേറ്റർ പാലത്തിനു താഴേയ്ക്കാണ് മത്സ്യക്കുരുതി പ്രകടമായത്. റഗുലേറ്റർ പാലത്തിലെ 3 ഷട്ടറുകൾ തുറന്നു വച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. വെള്ളം ഒഴുകി കടലിൽ എത്തും മുൻപേ സാംപിളുകൾ ശേഖരിച്ചില്ലെങ്കിൽ രാസപദാർഥം തിരിച്ചറിയാൻ കഴിയില്ലെന്നു നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com