വോട്ടെണ്ണൽ: ഒരു റൗണ്ടിൽ 14 ബൂത്തിലെ വോട്ടെണ്ണും
Mail This Article
കാക്കനാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രീതി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കലക്ടർ എൻ.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തിൽ വിശദീകരിച്ചു. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തീർത്ത ശേഷമേ വിവിപാറ്റ് സ്ലിപ്പ് എണ്ണുകയുള്ളു. തപാൽ ബാലറ്റുകൾ രാവിലെ 8ന് എണ്ണി തുടങ്ങും. 8.30ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ. ഒരു റൗണ്ടിൽ 14 യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണും.
എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 14 വീതം വോട്ടെണ്ണൽ മേശകളാണ് ക്രമീകരിക്കുന്നത്. എറണാകുളത്തെ വോട്ടെണ്ണൽ കുസാറ്റിലും ചാലക്കുടിയിലേത് യുസി കോളജിലുമാണ്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ ജൂൺ 4ന് രാവിലെ 6ന് തുറക്കും. സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാകും സ്ട്രോങ് റൂം തുറക്കുക. ഇവിടെ നിന്ന് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷയോടെ വോട്ടെണ്ണൽ മേശയിലെത്തിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണലിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ കലക്ടറേറ്റിലെ സുരക്ഷാ ഗോഡൗണിലേക്ക് മാറ്റും. വോട്ടെണ്ണൽ ഏജന്റുമാർ വോട്ടെണ്ണലിനു 3 ദിവസം മുൻപ് വരണാധികാരിക്ക് 18–ാം നമ്പർ ഫോമിൽ അപേക്ഷ സമർപ്പിക്കണം. നിയമിച്ച ഏജന്റിനെ മാറ്റി പകരം ഏജന്റിനെ നിയമിക്കാൻ 19–ാം നമ്പർ ഫോമിലാണ് അപേക്ഷിക്കേണ്ടത്. വോട്ടെണ്ണൽ ഹാളിൽ ഫോൺ അനുവദിക്കില്ല. ഹാളിൽ പ്രവേശിച്ചാൽ വോട്ടെണ്ണൽ പൂർത്തിയായാലേ പുറത്തിറങ്ങാനാകു. മാധ്യമങ്ങൾക്കായി വിപുലമായ മീഡിയ റൂം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കും. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ലീഡ് നില മീഡിയ റൂമിൽ അറിയിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസുള്ള മാധ്യമ പ്രവർത്തകർക്കാണ് മീഡിയ റൂമിൽ പ്രവേശനം.
ചാലക്കുടിയിൽ 10,403 തപാൽ വോട്ട്, എറണാകുളത്ത് 6,663
കാക്കനാട്∙ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി കഴിഞ്ഞാലും തപാൽ വോട്ടുകൾ എണ്ണിത്തീരാനുള്ള സാധ്യത കുറവാണ്. മിനിറ്റുകൾ നീളുന്ന നടപടിക്രമങ്ങളിലൂടെയാണ് ഓരോ തപാൽ വോട്ടുകളും എണ്ണുക. 28 വോട്ടെണ്ണൽ മേശകളാണ് തപാൽ വോട്ടിനു മാത്രമായി ഒരുക്കുന്നത്. ചാലക്കുടിയിൽ 10,403 തപാൽ വോട്ടുണ്ട്. എറണാകുളത്ത് ഇതു 6,663 ആണ്. പോളിങ് ജീവനക്കാർക്കു പുറമേ മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും തപാൽ വോട്ടാണ് ചെയ്തത്. ഓരോ തപാൽ വോട്ടുകളും പ്രത്യേകം കവറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ തുറന്നു ഇതോടൊപ്പമുള്ള രേഖകളുടെ സാധുത പരിശോധിച്ച് ഒത്തുനോക്കിയ ശേഷമാണ് സാധുവായ വോട്ടിലേക്ക് ചേർക്കുന്നത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ ഓൺലൈനായി ലഭിച്ച ബാലറ്റിൽ ചെയ്ത വോട്ടുകളും (ഇടിപിബിഎസ്) ഇതോടൊപ്പം എണ്ണും. പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരെയാണ് തപാൽ വോട്ടെണ്ണൽ മേശകളിലേക്ക് നിയോഗിക്കുക.