പറവൂർ പാലം ഉയർത്തി നിർമിക്കും: സതീശൻ
Mail This Article
പറവൂർ ∙ പറവൂർ പാലം ഉയർത്തി നിർമിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. പുതിയ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പറവൂർ പാലം ഉയരം കുറച്ചു നിർമിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. പറവൂർ, ചിറ്റാറ്റുകര കരകളെ ബന്ധിപ്പിച്ചു പണിത പാലത്തിന് അടിയിലൂടെ ബോട്ട് കൊണ്ടുപോകാനാകില്ലെന്നും ഭാവിയിലെ ജലഗതാഗത വികസനത്തിനു തടസ്സമാകുമെന്നും വിലയിരുത്തലുണ്ടായി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്നു നടത്തിയ പരിശോധനയെത്തുടർന്നു ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ തീരുമാനം അറിയിച്ചെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
ദേശീയപാത 66 നിർമാണം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളുടെയും നഗരസഭയുടെയും പരിധിയിൽ ഇന്നലെ സംയുക്ത പരിശോധന നടന്നു. വെള്ളക്കെട്ട് സംബന്ധിച്ചായിരുന്നു പരാതികളേറെ. റോഡ് പണിയുടെ ഭാഗമായി തോടുകളും കാനകളും അടഞ്ഞു പോയതു പലയിടത്തും വെള്ളക്കെട്ട് ഉണ്ടാക്കുന്നതായി ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരെ അറിയിച്ചു.
മൂടിപ്പോയ മുറവൻതുരുത്ത് കണ്ണമ്പിളി ഇടത്തോട് തുറക്കാനും സർവീസ് റോഡ് ഇല്ലാത്ത ഭാഗത്ത് സർവീസ് റോഡ് നിർമിക്കണമെന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യം അടിയന്തരമായി പരിഹരിക്കാനും പട്ടണം കവലയിൽ അണ്ടർപാസ് നിർമിക്കാത്തത്തിൽ ജനങ്ങളുടെ പരാതി അടിയന്തരമായി പരിശോധിക്കാനും നാഷനൽ ഹൈവേ അതോറിറ്റി മാനേജർക്ക് ഡപ്യൂട്ടി കലക്ടർ നിർദേശം നൽകി.
മുസിരിസ് ഉത്ഖനന കേന്ദ്രം ഉൾപ്പെടെ സ്ഥിതിചെയ്യുന്ന പട്ടണം ഭാഗത്തേക്ക് അണ്ടർപാസ് വേണമെന്ന ആവശ്യം കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഡപ്യൂട്ടി കലക്ടർ അറിയിച്ചു. പറവൂർ - വടക്കേക്കര പാലത്തിനു സമീപത്തുകൂടി പൂയപ്പിള്ളിയിലേക്കും സർവീസ് റോഡിലേക്കും പ്രവേശിക്കാൻ അണ്ടർപാസ് വേണമെന്ന ആവശ്യം അംഗീകരിക്കണമെന്ന് ഡപ്യൂട്ടി കലക്ടർ നാഷനൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. മൂത്തകുന്നം കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമിക്കാനും തീരുമാനമുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ അബ്ബാസ്, നാഷനൽ ഹൈവേ അതോറിറ്റി മാനേജർ ജോൺ ജീവൻ ജോസഫ്, വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെയും പറവൂർ നഗരസഭയിലെയും ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ഓറിയന്റൽ കമ്പനി ജീവനക്കാർ, കെഎസ്ഇബി, ജല അതോറിറ്റി ഉദ്യോഗസ്ഥർ, പ്രതിപക്ഷനേതാവിന്റെ പഴ്സനൽ അസിസ്റ്റന്റ് എന്നിവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു. കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലെ സംയുക്ത പരിശോധന ഇന്ന് 8.30ന് തുടങ്ങും.