കഴുത്തറ്റം മുങ്ങി ഇൻഫോപാർക്ക്; വെള്ളക്കെട്ടിൽ നട്ടം തിരിഞ്ഞ് ഐടി മേഖല
Mail This Article
കൊച്ചി ∙ വൈകിട്ട് ഒന്നര മണിക്കൂറോളം പെയ്ത അതിശക്ത മഴയിൽ ജില്ലയിൽ പലസ്ഥലത്തും വൻ വെള്ളക്കെട്ട്. ദേശീയപാതയിലും പ്രധാന റോഡുകളിലും വെള്ളം പൊങ്ങി ഏറെ നേരം ഗതാഗതം നിശ്ചലമായി. അരൂർ–ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂർ, ഇടപ്പള്ളി, വൈറ്റില ജംക്‌ഷനുകളിൽ റോഡിൽ ഒന്നരയടിയോളം വെള്ളം ഉയർന്നു. വാഹനങ്ങൾ പലതും വെള്ളം കയറി റോഡിൽ കുടുങ്ങി. പൂത്തോട്ടയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻകുരിശ് എംജിഎം ഹൈസ്കൂളിന്റെ 12 അടി ഉയരമുള്ള ചുറ്റുമതിൽ 25 അടി നീളത്തിൽ ദേശീയപാതയിലേക്കു മറിഞ്ഞു വീണു. ഇൻഫോപാർക്ക് ക്യാംപസിനുള്ളിലും പാർക്കിങ് ഏരിയയിലും വെള്ളം ഉയർന്നു. ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ചിലത് ഒഴുകി നീങ്ങി. കരിമുകൾ – പുത്തൻകുരിശ് റോഡിൽ പീച്ചിങ്ങച്ചിറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കളമശേരിയിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
കൊച്ചി നഗരത്തിൽ എംജി റോഡിന്റെ പലഭാഗത്തും ചെറിയ വാഹനങ്ങൾക്കു പോകാൻ കഴിയാത്ത വിധം വെള്ളം പൊങ്ങി. പനമ്പിള്ളി നഗറിൽ ഇടറോഡുകൾ പൂർണമായി മുങ്ങി. പശ്ചിമകൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായി. മട്ടാഞ്ചേരി ഭാഗത്തു ഗോഡൗണുകളിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. തൃപ്പൂണിത്തുറ വടക്കേക്കോട്ട റോഡ് മുങ്ങി. ഗാന്ധി സ്ക്വയർ– പേട്ട റോഡ് മുങ്ങി. പറവൂർ – ആലുവ റൂട്ടിൽ ചേന്ദമംഗലം കവല മുതൽ ആനച്ചാൽ വരെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി. ചേരാനല്ലൂരിൽ മഞ്ഞുമ്മൽ കവല മുതൽ സിഗ്നൽ ജംക്‌ഷൻ വരെ ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തു വെള്ളക്കെട്ടുണ്ടായി. കനത്ത മഴയും ശക്തമായ വേലിയേറ്റവും നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാക്കി. വെള്ളം കായലിലേക്ക് ഒഴുകാതെ കെട്ടിനിന്നു. ഇന്നു വെളുത്തവാവ് ആയതിനാൽ വേലിയേറ്റം ശക്തവും വേലിയിറക്കം ദുർബലവുമായിരിക്കുമെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നും ശക്തമായ വേലിയേറ്റത്തിനു സാധ്യതയുണ്ട്.
കഴുത്തറ്റം മുങ്ങി ഇൻഫോപാർക്ക്
കാക്കനാട്∙ ഇതുവരെ കാണാത്ത രീതിയിലുള്ള വെള്ളക്കെട്ടിൽ നട്ടം തിരിഞ്ഞ് ഐടി മേഖല. ഇന്നലത്തെ പെരുമഴയിൽ ഇൻഫോപാർക്ക് ക്യാംപസ് മുങ്ങി. റോഡുകളും പാർക്കിങ് സ്ഥലങ്ങളും വെള്ളത്തിലായി. വെള്ളക്കെട്ടു മൂലം ഐടി സമുച്ചയങ്ങളിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജീവനക്കാർ കുരുങ്ങി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ചിലതു വെള്ളക്കെട്ടിൽ ഒഴുകി നീങ്ങി. ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നിടത്ത് അവയിൽ ചിലതു മറിഞ്ഞു വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഒട്ടേറെ വാഹനങ്ങൾക്കു കേടു സംഭവിച്ചു. വൈകിട്ടു ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയവർക്കാണ് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടായത്. വൈകിട്ടത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാനെത്തിയവർക്ക് ഐടി കമ്പനികളിലേക്ക് എത്തിപ്പെടാനായില്ല. വൈകിട്ട് 3 മുതൽ തുടങ്ങിയ മഴ 5 മണിയോടെ കനത്തു.
ഇതോടെ ഇൻഫോപാർക്ക് ക്യാംപസിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. വേൾഡ് ട്രേഡ് സെന്റർ, വിസ്മയ, തപസ്യ, ലുലു സൈബർ ടവർ തുടങ്ങിയ സമുച്ചയങ്ങൾക്കു മുൻപിൽ വൻ വെള്ളക്കെട്ടാണു രൂപപ്പെട്ടത്. ക്യാംപസിൽ ഇതുവരെ വെള്ളക്കെട്ട് ഇല്ലാതിരുന്ന ഭാഗങ്ങളിൽ വരെ ഇന്നലെ വെള്ളം നിറഞ്ഞത് ആശങ്ക ഉയർത്തി. നിർമാണ പ്രവർത്തനങ്ങൾ മൂലം ഓടകൾ തടസപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണമെന്ന് ആക്ഷേപമുണ്ട്. ചോർച്ച മൂലം ഏതാനും ഐടി കമ്പനികളുടെ അകത്തും വെള്ളം കയറി. ഇൻഫോപാർക്കിൽ നിന്നു വെള്ളം ഒഴുകി പോകാൻ വഴിയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അധികൃതർ പറയുന്നു.