ADVERTISEMENT

കൊച്ചി ∙ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും അന്റാർട്ടിക്കയിലെ  ‘എംപറർ പെൻഗ്വിൻ’ ഇനം 99% ഇല്ലാതാകുമെന്ന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം മൂലം എംപറർ പെൻഗ്വിൻ ഇനത്തിന്റെ നിലനിൽപ് കടുത്ത പ്രതിസന്ധിയിലാണെന്നു ബ്രിട്ടിഷ് അന്റാർട്ടിക് സർവേയിലാണു റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ എംപറർ പെൻഗ്വിനെ പ്രത്യേക സംരക്ഷിത ഇനമായി പ്രഖ്യാപിക്കണമെന്ന് അന്റാർട്ടിക് ആൻഡ് സതേൺ ഓഷ്യൻ കൊയിലിഷൻ (എഎസ്ഒസി) ആവശ്യപ്പെട്ടു. കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക് ഉടമ്പടി കൂടിയാലോചന യോഗം (എടിസിഎം) മുൻപാകെയാണ് എഎസ്ഒസി ഈ നിർദേശം മുന്നോട്ടു വച്ചത്. മുൻ വർഷങ്ങളിലും എടിസിഎം മുൻപാകെ ഈ നിർദേശം വന്നിരുന്നുവെങ്കിലും അംഗരാജ്യങ്ങൾക്കിടയിൽ യോജിപ്പില്ലാത്തതിനാൽ പരിഗണിച്ചില്ല.

എംപറർ പെൻഗ്വിൻ.
എംപറർ പെൻഗ്വിൻ.

കാലാവസ്ഥ വ്യതിയാനം, വർധിച്ചു വരുന്ന മനുഷ്യ ഇടപെടൽ, പക്ഷിപ്പനി എന്നിവ അന്റാർട്ടിക്കയിലെ ദുർബലമായ പരിസ്ഥിതിയിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. ആഗോള ജൈവ വൈവിധ്യ മാർഗരേഖയ്ക്ക് അനുസൃതമായ തരത്തിൽ അന്റാർട്ടിക്കയിലെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനുള്ള നടപടികൾ എടിസിഎമ്മിൽ നിന്ന് ഉണ്ടാകണമെന്ന് എഎസ്ഒസി പറഞ്ഞു. അന്റാർട്ടിക്കയിലെ ടൂറിസം രംഗത്തെ നിയന്ത്രിക്കാനുള്ള മാർഗരേഖ തയാറാക്കുന്നത് ഏറെ നാളായി വൈകുകയാണെന്ന് എഎസ്ഒസി എക്സിക്യൂട്ടീവ് ഡയറക്ടർ ക്ലെയർ ക്രിസ്റ്റ്യൻ പറഞ്ഞു. 

എംപറർ പെൻഗ്വിൻ
ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലുപ്പമുള്ളതും പൊക്കം കൂടിയതുമായ പെൻഗ്വിനാണ് എംപറർ പെൻഗ്വിൻ. ഇവയ്ക്ക് ഏകദേശം 122 സെമി പൊക്കവും 22 മുതൽ 45 വരെ കിലോഗ്രാം ഭാരവും ഉണ്ടാകും. ജലോപരിതലത്തിൽ നിന്ന് 535 മീറ്റർ വരെ താഴ്ചയിൽ പോയി ഭക്ഷണം ശേഖരിക്കാനും 18 മിനിറ്റ് വരെ വെള്ളത്തിനടിയിൽ കഴിച്ചു കൂട്ടാനും ഇവയ്ക്ക് ശേഷിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com