ADVERTISEMENT

കൊച്ചി ∙ നഗര കേന്ദ്രത്തിൽ തേവര– പേരണ്ടൂർ കനാൽ പോലെ, കോടികൾ വിഴുങ്ങുന്ന, വെള്ളത്തിൽ മുക്കുന്ന മറ്റൊരു കനാലാണ് ഇടപ്പള്ളി തോട്. ഇടപ്പള്ളി ജംക്‌ഷനിലും ദേശീയപാതയിലും കളമശേരി വരെയുള്ള സമീപ പ്രദേശങ്ങളിലും തുടർച്ചയായുള്ള വെള്ളക്കെട്ടിലെ പ്രധാന വില്ലൻ ഇടപ്പള്ളി തോടാണ്. പോള തിങ്ങിനിറഞ്ഞ്, കയ്യേറ്റം മൂലം പൊറുതിമുട്ടി, മാലിന്യവാഹിനിയായ ഇൗ തോട് വീതികൂട്ടാനും ‘ബോട്ട് ഓടിക്കാനും ’ ചെലവിട്ട കോടികൾക്കു കണക്കില്ല. എന്നിട്ടും, ഒരു വഞ്ചിപോലും പോകാനാവാത്ത വിധം പോള തിങ്ങി, മാലിന്യം നിറഞ്ഞുകിടക്കുകയാണിന്നും ഇടപ്പള്ളി തോട്ടിൽ. കൊച്ചി രാജാവിനു ക്ഷേത്രദർശനത്തിനു പോകാൻ നിർമിച്ച തോടാണിത്. കേവുവള്ളങ്ങൾ നിറഞ്ഞ ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഒരു കാലത്ത്. ശരാശരി 18 മീറ്റർ വീതി. അന്ന് ഒഴുക്കുണ്ടായിരുന്നു, കയ്യേറ്റമില്ലായിരുന്നു. ചമ്പക്കര കനാലിൽ എരൂർ പാലത്തിനടുത്തുനിന്നു തുടങ്ങി എരൂർ, വെണ്ണല, പാലച്ചുവട്, ഇടപ്പള്ളി വഴി മുട്ടാർ പുഴയിലെത്തി എടമുളയിൽ പെരിയാറുമായി ചേരുന്നതാണ് ഇടപ്പള്ളി തോട്. ആകെ നീളം 10.20 കിലോമീറ്റർ.

തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികൾ ഒരു വശത്തും കോർപറേഷൻ മറു കരയിലുമായി കിടക്കുന്ന ഇടപ്പള്ളി തോട് നാഥനില്ലാ തോടാണ്. ഇൗ പ്രദേശങ്ങളിൽ നിന്നെല്ലാമുള്ള മഴവെള്ളം ഇതുവഴി ഒഴുകിപ്പോകണം. ഇത്രയും പരിമിതികളുണ്ടെങ്കിലും വേലിയേറ്റ സമയത്ത് മുട്ടാറിൽ നിന്നും എരൂരിൽ നിന്നും തോട്ടിലൂടെ വെള്ളം ഇടപ്പള്ളി ജംക്‌ഷൻ വരെ എത്തും. ഇടപ്പള്ളിയിൽ പുതിയ മേൽപാലം നിർമിച്ചപ്പോൾ പൊളിച്ചുമാറ്റിയ പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ തോടിനു കുറുകെ കിടക്കുന്നുണ്ട്. അതിനാൽ ഒഴുക്കു നിലച്ചു. പോള തിങ്ങിയതോടെ രണ്ടടിയോളം കനത്തിൽ തോടിന്റെ മേൽത്തട്ടും നിശ്ചലമായി. കരയിൽ നിന്നു തോട്ടിലേക്കു വെള്ളം വലിയാത്തതിന്റെ കാരണം ഇതാണ്. 

തോടിന്റെ കളമശേരി നഗരസഭാ പ്രദേശത്തു മാത്രം സർവേ നടത്തി 18 കയ്യേറ്റങ്ങൾ കണ്ടെത്തിയതാണ്. അതെല്ലാം ഇപ്പോൾ വീണ്ടും കയ്യേറ്റമായി തുടരുന്നു. ഇടപ്പള്ളി തോട് പെരിയാറിലേക്കെത്തുന്ന മുട്ടാർപുഴ പ്രളയത്തിലെത്തിയ ചെളി നിറഞ്ഞു കിടക്കുകയാണ്. ഇടപ്പള്ളി തോട്ടിൽ വെള്ളം ഒഴുകിയാലും പുഴയിലേക്കു കടക്കാൻ ഇതൊരു തടസ്സമാണ്. മുട്ടാർ പുഴയിൽ നിന്നു പൈപ്പ് ലൈൻ വരെയുള്ള 5 കിലോമീറ്റർ തോട് പോള മാറ്റി ആഴംകൂട്ടാൻ ആരംഭിച്ചു. 73 ലക്ഷം രൂപയാണു ചെലവ്. ഇടപ്പള്ളി ജംക്‌ഷൻ വരെയുള്ള 2.5 കിലോമീറ്റർ ഇറിഗേഷൻ വകുപ്പ് പോളനീക്കി ഒഴുക്കു സുഗമമാക്കും. 6.7 ലക്ഷം രൂപയാണു ചെലവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com