ADVERTISEMENT

കളമശേരി ∙ കുസാറ്റ് ക്യാംപസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 8ന് പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് മാധ്യമ പ്രവർത്തകർ മാത്രം. യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ബിജെപിയുടെയോ പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല.കുസാറ്റിൽ നാലിടത്തും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു വോട്ടെണ്ണൽ. വോട്ടിങ് മെഷീനുകൾ തുറന്ന് എണ്ണൽ ആരംഭിച്ച് ഒൻപതരയോടെ സമീപത്തു താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകർ ഓരോരുത്തരായി എത്തി.

യുഡിഎഫ് നേതൃത്വത്തിൽ മാലിപ്പുറത്ത് നിന്നാരംഭിച്ച ആഹ്ലാദ പ്രകടത്തിനിടയിൽ എത്തിയ ഹൈബി ഈഡന് സ്വീകരണം നൽകുന്നു.
യുഡിഎഫ് നേതൃത്വത്തിൽ മാലിപ്പുറത്ത് നിന്നാരംഭിച്ച ആഹ്ലാദ പ്രകടത്തിനിടയിൽ എത്തിയ ഹൈബി ഈഡന് സ്വീകരണം നൽകുന്നു.

ഹൈബിയുടെ വലിയ കട്ടൗട്ടും പേറിയാണ് അവരെത്തിയത്. ഹൈബിയുടെ വിജയം സ്ഥാനാർഥി പ്രഖ്യാപന ദിവസം തന്നെ നിശ്ചയിച്ചുറപ്പിച്ച യുഡിഎഫ് പ്രവർത്തകർക്ക് ഭൂരിപക്ഷം എത്രയെന്ന ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളു. ട്വന്റി ട്വന്റി സ്ഥാനാർഥി പിടിക്കുന്ന വോട്ടുകളിലായിരുന്നു അവരുടെ ആശങ്ക. ഹൈബിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നപ്പോൾ അവർ പ്രായഭേദമന്യേ തുള്ളിച്ചാടി.

ചാലക്കുടി നിയോജക മണ്ഡലത്തിൽ വിജയിച്ച ബെന്നി ബഹനാന് കാലടിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണം.
ചാലക്കുടി നിയോജക മണ്ഡലത്തിൽ വിജയിച്ച ബെന്നി ബഹനാന് കാലടിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണം.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കുമോ എന്നായി ഓരോരുത്തരും. അവിടം കടന്നപ്പോൾ 2 ലക്ഷത്തിലേക്കെത്തുമോ എന്നായി ആകാംക്ഷ. രണ്ടു ലക്ഷം കടന്നപ്പോൾ ‘ നമ്മുടെ നേതാവിന്റെ (രാഹുൽഗാന്ധി) ഭൂരിപക്ഷത്തെ മറികടക്കുമോ?’ എന്നായി ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ. ഹൈബിയുടെ ചരിത്ര ഭൂരിപക്ഷം അവരുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്നതായിരുന്നു.

ഇതിനിടയിലും യുഡിഎഫ് പ്രവർത്തകർ ഉറ്റുനോക്കിയത് കേന്ദ്രത്തിലേക്കാണ്. എൻഡിഎയും ഇന്ത്യ മുന്നണിയും ലീഡിനായി മത്സരിക്കുന്നതും അവർ മൊബൈൽ ഫോൺ തുറന്നുവച്ചു ആകാംക്ഷയോടെ കണ്ടുനിന്നു.വോട്ടെണ്ണൽ കേന്ദ്രത്തിലേക്കെത്തിയ ഹൈബിയെ കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ പ്രവർത്തകർ താളമേളങ്ങളോടെയും ഷാളുകൾ അണിയിച്ചും മധുരം നൽകിയും സ്നേഹം കൊണ്ടു മൂടി. പിന്നീട് കുസാറ്റ് ഓപ്പൺ എയർ ഓ‍ഡിറ്റോറിയത്തിനു മുന്നിലേക്ക് ആഹ്ലാദ വേദി മാറി. 

ആലുവ യുസി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നിന്നു ബെന്നി ബഹനാനെ യുഡിഎഫ് പ്രവർത്തകർ പൊക്കിയെടുത്തു തുറന്ന വാഹനത്തിലേക്കു കയറ്റുന്നു.
ആലുവ യുസി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നിന്നു ബെന്നി ബഹനാനെ യുഡിഎഫ് പ്രവർത്തകർ പൊക്കിയെടുത്തു തുറന്ന വാഹനത്തിലേക്കു കയറ്റുന്നു.

ഇവിടെ പാട്ടുകൾക്ക് ഒപ്പം ചുവടുകൾ വച്ച് കുട്ടികളും വനിതകളുമടക്കം പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിന്റെ വിജയം ആഘോഷിച്ചു. ഹൈബി ഇവിടേക്കെത്തിയപ്പോൾ ആശംസ അറിയിക്കാനും സെൽഫിയെടുക്കാനുമായി പ്രവർത്തകർ മത്സരിച്ചു. കൈകൊടുത്തും കെട്ടിപ്പിടിച്ചും കൈവീശിയും ആരെയും നിരാശപ്പെടുത്താതെയും ൈഹബി എല്ലാവരുമായി സന്തോഷം പങ്കിട്ടു.

തുടർന്നു തുറന്ന വാഹനത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, മുസ്‌ലിം ലീഗ് ടൗൺ പ്രസിഡന്റ് പി.എം.എ.ലത്തീഫ്, കെ.പി.ധനപാലൻ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ മണ്ഡല പര്യടനത്തിനു തുടക്കം കുറിച്ചു. ഇതിനിടെ സെന്റ്ജോർജ് പള്ളി ഹാളിൽ പ്രവർത്തകർക്കൊപ്പം ബിരിയാണി കഴിക്കാനും ഹൈബി ഈഡൻ സമയം കണ്ടെത്തി.

കാലടിയിൽ ആഹ്ലാദം 
കാലടി∙ ലോക്സഭ തിര‍ഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തകർപ്പൻ വിജയത്തിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിൽ ടൗൺ ജംക്‌ഷനിൽ കൂടി നിൽക്കവെയാണ് അവർക്കിടയിലേക്ക് വിജയിച്ച സ്ഥാനാർഥി ബെന്നി ബഹനാൻ വന്നെത്തിയത്. അതോടെ പ്രവർത്തകരുടെ ആവേശം അണ പൊട്ടിയൊഴുകി.ബെന്നി ബഹാനാനെ മാലയിട്ടും കെട്ടി പിടിച്ചും അവർ വരവേറ്റു. പടക്കങ്ങളും മുദ്രാവാക്യങ്ങളും ഇതോടൊപ്പം മുഴങ്ങി. ബെന്നി ബഹനാൻ സ്വീകരണം ഏറ്റുവാങ്ങി പോയതിനു ശേഷം യുഡിഎഫ് പ്രവർത്തകർ പട്ടണത്തിൽ ആഹ്ലാദ പ്രകടന നടത്തി. 

ഡിസിസി ജനറൽ സെക്രട്ടറി കെ.ബി.സാബു, അംഗം ജോയി പോൾ, മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ പി.കെ.ഷാജഹാൻ, മാർട്ടിൻ പി.ആന്റണി, കെ.സി.ബേബി, വാവച്ചൻ താടിക്കാരൻ, സിജു കല്ലുങ്ങ എന്നിവർ നേതൃത്വം നൽകി.

എളങ്കുന്നപ്പുഴയിൽ ആഹ്ലാദപ്രകടനം 
എളങ്കുന്നപ്പുഴ∙  ഹൈബി ഈഡന്റെ വിജയത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴയിൽ ആഹ്ലാദപ്രകടനം നടത്തി. മാലിപ്പുറത്തു നിന്നാരംഭിച്ച പ്രകടനം പുതുവൈപ്പിൽ സമാപിച്ചു. അതിനിടയിൽ നന്ദി അറിയിച്ചു മാലിപ്പുറത്ത് എത്തിയ ഹൈബി ഈഡനെ ഹാരമണിയിച്ചു സ്വീകരിച്ചു. എ.എസ്.ശ്യംകുമാർ,എം.പി.ക്ലീറ്റസ്,ലിഗീഷ് സേവ്യർ,സ്വാതിഷ് സത്യൻ,കെ.എച്ച്.നൗഷാദ്,എ.എസ്.ബെന്നി,കെ.എം.സിനോജ്കുമാർ,സരിത സനിൽ എന്നിവർ നേതൃത്വം നൽകി.

ആലുവയിൽ ആഘോഷം
ആലുവ∙ ബെന്നി ബഹനാന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനവും മധുരവിതരണവും നടത്തി. ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, ഫാസിൽ ഹുസൈൻ, ഹനീഫ ഞറളക്കാടൻ, കെ.എസ്. മുഹമ്മദ് ഷഫീക്,  സൈജി ജോളി മൂത്തേടൻ, ജയ്സൺ പീറ്റർ, കെ. ജയകുമാർ, പി.പി. ജയിംസ്, ബാബു കൊല്ലംപറമ്പിൽ, ബാബു കുളങ്ങര, സിറാജ് ചേനക്കര, സാബു പരിയാരത്ത്, രാജേഷ് പുത്തനങ്ങാടി, ടി.എസ്. സാനു, സുധീഷ് കാട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com