ADVERTISEMENT

കൊച്ചി ∙ ടെൻഷനുള്ളപ്പോഴും സന്തോഷം വരുമ്പോഴും ഹൈബി ഈഡൻ കേൾക്കുന്നത് ഒരേ പാട്ടാണ്. അമ്പിളി എന്ന ചിത്രത്തിലെ വിനായക് ശശികുമാറിന്റെ ആർദ്രമായ വരികൾ. ‘‘ആരാധികേ....മഞ്ഞുരുകും വഴിയരികെ...’’. ഇന്നലെ ഡിസിസിയിൽ നിന്ന് സുനിശ്ചിത വിജയത്തിന്റെ വാർത്ത ഉറപ്പാക്കി കാറിൽ കയറുമ്പോൾ ഹൈബി ഭാര്യ അന്നയോട് പറഞ്ഞത്. നീ ആ പാട്ട് ഒന്നുകൂടി വയ്ക്ക് എന്നാണ്. കളമശേരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് തിരികെ വരുമ്പോൾ അന്ന നഗരത്തിലെ വലിയ ഹോർഡിങ് ചൂണ്ടിക്കാണിച്ചു– അതിൽ നിറയെ ഹൈബിമാർ. ‘ജനം ജയിച്ചു’ എന്ന് അടിക്കുറിപ്പും. സഫലമായൊരു ക്യാംപെയ്ന്റെ ഫലശ്രുതി. 

‘ഹൃദയത്തിൽ ഹൈബി’ എന്ന പോസ്റ്ററുമായാണ് ഹൈബി ഈഡൻ ഈ തിരഞ്ഞെടുപ്പിൽ പ്രചാരണം തുടങ്ങിയത്. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 2,50385 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവുമായി ഹൃദയം കവർന്ന ഹൈബിയായി അത് മാറി. വ്യക്തിപരമായി ആരെയും വെല്ലുവിളിക്കാതെയായിരുന്നു ഹൈബിയുടെ പ്രചാരണം. എതിർസ്ഥാനാർഥിക്ക് എല്ലാ ബഹുമാനവും നൽകി മുന്നോട്ടു പോയി. 

കാടിളക്കി പ്രചാരണം നടത്താൻ താരപ്രചാരകരെ കൊണ്ടുവന്നില്ല. 5 വർഷത്തെ നേട്ടങ്ങളുടെ പുസ്തകമായിരുന്നു ക്യാംപെയ്ന്റെ കാതൽ. എന്റെ പേരിൽ വോട്ടു ചോദിക്കാൻ പോകുമ്പോൾ പ്രവർത്തകർ ആരുടെ മുന്നിലും തലകുനിക്കരുത് എന്ന് ഹൈബിക്ക് നിർബന്ധമുണ്ടായിരുന്നു. ചെയ്തകാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടായില്ല.

മെൻസ്ട്രൽ കപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിച്ച കപ്പ് ഓഫ് ലൈഫ് മുതൽ സൗഖ്യം വരെ ഹൈബി ഏറ്റെടുത്ത ദൗത്യങ്ങൾക്കെല്ലാം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണ് ഹൈബി എന്നും പ്രാധാന്യം കൊടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കാനാണ് ഏറെ ഓടിയിട്ടുള്ളതും. 

ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിലെ കല്ലറയ്‌ക്കുള്ളിൽ ജോർജ് ഈഡന്റെ ആത്മാവ് തുടിച്ചിരിക്കണം; മകൻ വലിയ നേതാവായതിലല്ല, കൂടുതൽ ജനപ്രിയനായതിന്റെ ഹൃദയത്തുടിപ്പുകൾ പ്രാർഥനയിൽ മകനും അറിഞ്ഞിരിക്കണം. ഈ മഹാനഗരത്തിലും അതിനെ ചുറ്റിപ്പടർന്ന സിരാപടലങ്ങളിലും അവരവരുടേതായ നിലകളിൽ ആത്മബന്ധങ്ങൾ തീർത്തവരാണല്ലോ ഇരുവരും. 

ബാല്യത്തിൽ അമ്മയും കൗമാരത്തിൽ അച്‌ഛനും നഷ്‌ടപ്പെട്ട ഹൈബിയെന്ന കുട്ടിയുടെ ഏകാന്തതയെ അകറ്റി നിർത്തിയത് സാധാരണക്കാരുടെ ആശ്ലേഷമാണ്. ഹൈബി ഖദറും കരിനീലക്കൊടിയും ചൂടി കെഎസ്‌യുവിന്റെ ജില്ലാ പ്രസിഡന്റായി, അച്‌ഛൻ പഠിച്ച ആൽബർട്‌സിൽ പ്രസംഗിക്കാൻ പോയി. തേവര സേക്രഡ് ഹാർട്ട് കോളജിന്റെ യൂണിയൻ ചെയർമാനായി.

പി.ടി. തോമസിനു ശേഷം കെഎസ്‌യുവിന്റെ സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനത്ത് ഇത്രയും ഊർജസ്വലനായ മറ്റൊരാൾ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ്സിലെ കാരണവന്മാർ ഹൈബിയെ വാഴ്‌ത്തി. കോൺഗ്രസ്സിന്റെ വിദ്യാർഥി - യുവജനവിഭാഗങ്ങളെ ആധുനികവത്‌കരിക്കാനും അവയിലെ ജനാധിപത്യഘടനകൾ പുനഃസ്‌ഥാപിക്കാനും രാഹുൽഗാന്ധി തുടങ്ങിവച്ച പരിശ്രമങ്ങളിൽ ഹൈബി ഈഡൻ സുപ്രധാന പങ്കുവഹിച്ചു. 

ഒടുവിൽ എൻഎസ്‌യുവിന്റെ ദേശീയാധ്യക്ഷനെന്ന ഔന്നത്യത്തിലേക്കും ഉയർത്തപ്പെട്ടു. നേതൃഗുണം കൊണ്ട് മലയാളി സമൂഹത്തിൽ ശ്രദ്ധേയരായ പത്തു യുവപ്രതിഭകളെ 2009ൽ ഇന്ത്യാടുഡേ തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമനായി ഹൈബി ഈഡൻ ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം... അതേവഴിയിലൂടെ നടന്ന് ഈ യുവാവ് ഒന്നാമനായിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com