ADVERTISEMENT

കൊച്ചി∙ സമഗ്രവിജയം. എറണാകുളം ജില്ല യുഡിഎഫിന്റെ കോട്ടയാണെന്ന ആവകാശവാദത്തിന് അടിവരയിട്ടു ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ആധികാരിക മേൽക്കൈ നേടി. എറണാകുളം മണ്ഡലത്തിലെ ഏഴും ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നാലും ഇടുക്കി മണ്ഡലത്തിലെ രണ്ടു‌ം നിയമസഭാ മണ്ഡലങ്ങളിലും കോട്ടയം മണ്ഡലത്തിലുൾപ്പെടുന്ന പിറവത്തും യുഡിഎഫ് സ്ഥാനാർഥികൾ ഭൂരിപക്ഷം നേടി, അതും പലയിടത്തും റെക്കോർഡോടെ.

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഏഴു മണ്ഡലത്തിലും സമഗ്രാധിപത്യമാണു ഹൈബി ഈഡൻ സ്വന്തമാക്കിയത്. മന്ത്രി പി.രാജീവ് നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന കളമശേരി, എൽഡിഎഫ് മണ്ഡലങ്ങളായ വൈപ്പിൻ, കൊച്ചി എന്നിവിടങ്ങളിലെല്ലാം ഹൈബി എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽപെടുന്ന മൂവാറ്റുപുഴയിലും കോതമംഗലത്തും കോട്ടയത്തിന്റെ ഭാഗമായ പിറവത്തും യുഡിഎഫ് സ്ഥാനാർഥികൾ വലിയ മേൽക്കൈ നേടി.

തൃക്കാക്കര
ഇവിടെ മാത്രം ഹൈബി നേടിയ ഭൂരിപക്ഷം 44,900 വോട്ടുകൾ. ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം. 2019ൽ 31,777 വോട്ടുകളായിരുന്നു ഇവിടെ ഹൈബി അധികം നേടിയത്. തൃക്കാക്കര നഗരസഭാ പരിധിയിലെയും കൊച്ചി കോർപറേഷൻ പരിധിയിലെയും 95 ശതമാനം ബൂത്തുകളിലും ഹൈബി മേൽക്കൈ നേടി. ഹൈബി ഈഡൻ: 73,789, കെ.ജെ.ഷൈൻ (എൽഡിഎഫ്) 28,889, ഡോ.കെ.എസ്.രാധാകൃഷ്ണൻ (എൻഡിഎ) 22,204, ആന്റണി ജൂഡി (ട്വന്റി20) 5,628 എന്നിങ്ങനെയാണു വോട്ട്നില.

തൃപ്പൂണിത്തുറ
ഹൈബി ഈഡന്റെ ഭൂരിപക്ഷം–31,965 വോട്ട്. കഴിഞ്ഞ തവണ 19,227 ആയിരുന്നു ഹൈബിയുടെ ഭൂരിപക്ഷം. ഹൈബി ഇത്തവണ നേടിയത് 69,661 വോട്ടുകളാണ്. എൽഡിഎഫ്– 37,696, എൻഡിഎ–27,951, ട്വന്റി20– 5459 എന്നിങ്ങനെയാണു വോട്ട് നില. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി പി.രാജീവിനു ലഭിച്ച 52,404 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിക്കു 14,708 വോട്ട് കുറഞ്ഞു. ബിജെപി സ്ഥാനാർഥിയായിരുന്ന അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ തവണ 25,304 വോട്ട് നേടിയപ്പോൾ 2647 വോട്ടുകൾ ഡോ.രാധാകൃഷ്ണൻ ഇത്തവണ കൂടുതൽ നേടി.

പറവൂർ
ഹൈബി ഈഡനു പറവൂർ മണ്ഡലം നൽകിയതു 26,395 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥിക്കു സ്വന്തം നാട്ടിലും ഭൂരിപക്ഷം നേടാനായില്ല. കഴിഞ്ഞ തവണ ഇവിടെ 14,085 ആയിരുന്നു ഹൈബിയുടെ ഭൂരിപക്ഷം. ഇത്തവണ ആകെ ഹൈബി നേടിയത് 68,989 വോട്ട്. എൽഡിഎഫ്–42,594, എൻഡിഎ 23,737, ട്വന്റി20– 7376.

കളമശേരി
മന്ത്രി പി.രാജീവിന്റെ മണ്ഡലത്തിൽ ഹൈബി കുറിച്ചതു 38,447 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫിനു 4 ബൂത്തിൽ മാത്രം ലീഡ്. ഹൈബി ഇത്തവണ 76227 വോട്ട് നേടി. എൽഡിഎഫ്–37780, എൻഡിഎ–21144, ട്വന്റി20–5949. മന്ത്രി രാജീവിന്റെ ബൂത്തായ കളമശേരി നഗരസഭയിലെ 155–ാം ബൂത്തിൽ യുഡിഎഫ് 649 വോട്ടു നേടിയപ്പോൾ എൽഡിഎഫിന് 259 വോട്ടേ ലഭിച്ചുള്ളൂ.

വൈപ്പിൻ
വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി ഹൈബി ഈഡനു ലഭിച്ചത് 29,868 വോട്ടിന്റെ ഭൂരിപക്ഷം. ഇടതു ശക്തി കേന്ദ്രങ്ങൾ ഉൾപ്പെടെ 8 പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർഥി മേൽക്കൈ നിലനിർത്തി. ഹൈബിക്ക് 63,996 വോട്ട് ലഭിച്ചു. എൽഡിഎഫ്– 34,128, എൻഡിഎ– 15,145, ട്വന്റി20–4752.

കൊച്ചി
എൽഡിഎഫ് കഴിഞ്ഞ 2 തവണ വിജയിച്ച കൊച്ചി നിയമസഭാ മണ്ഡലത്തിൽ ഹൈബി നേടിയത് 40,286 വോട്ടിന്റെ ലീഡ്. 68,365 വോട്ട് ഹൈബി ഈഡനു ലഭിച്ചു. എൽഡിഎഫ് –28,079, എൻഡിഎ 15,072, ട്വന്റി20–5994. 157 ബൂത്തുകളിൽ ഒരിടത്തു മാത്രമാണ് എൽഡിഎഫിനു മേൽക്കൈ ലഭിച്ചത്. കഴിഞ്ഞ തവണ ഹൈബിയുടെ ലീഡ് 29,313 വോട്ടായിരുന്നു.

എറണാകുളം
എറണാകുളം നിയമസഭാ മണ്ഡലത്തിൽ 37069 വോട്ടുകളുടെ ലീഡ് ഹൈബി ഈഡൻ സ്വന്തമാക്കി. കഴിഞ്ഞ തവണ 31178 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ ഒട്ടാകെ 57,962 വോട്ടുകൾ ഹൈബിക്കു ലഭിച്ചു. എൽഡിഎഫ്–20893, എൻഡിഎ 18320, ട്വന്റി20–4500 എന്നിങ്ങനെയാണു വോട്ടുനില. 2573 വോട്ടിന്റെ വ്യത്യാസം മാത്രമാണ് എൽഡിഎഫുമായി എൻഡിഎക്കു മണ്ഡലത്തിലുള്ളത്.

ചാലക്കുടി
തുടർച്ചയായ രണ്ടാം വിജയം നേടിയ ബെന്നി ബഹനാൻ ചാലക്കുടി മണ്ഡലത്തിൽപെട്ട ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ട്വന്റി20 മത്സരരംഗത്തില്ലാതിരുന്ന 2019ൽ ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കുറവാണ് ഈ മണ്ഡലങ്ങളിൽ ഇത്തവണ ബെന്നിക്കു നേടാനായത്.

കുന്നത്തുനാട്
ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ട്വന്റി20യുടെ ഭീഷണി മറികടന്നു യുഡിഎഫ് മുന്നേറ്റം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ട്വന്റി20യുടെയും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെയും പ്രഭാവത്തിൽ നിറം മങ്ങിയ യുഡിഎഫ് ഇത്തവണ എതിരാളികളെ മികച്ച വ്യത്യാസത്തിൽ പിന്തള്ളി. എൽഡിഎഫിനും എൻഡിഎക്കും ഗണ്യമായി വോട്ട് കുറഞ്ഞു. യു‍ഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന് 52523 വോട്ട് ലഭിച്ചപ്പോൾ 46163 വോട്ടുമായി ട്വന്റി20 സ്ഥാനാർഥി ചാർളി പോൾ രണ്ടാം സ്ഥാനത്തെത്തി. വ്യത്യാസം 6360. എൽഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥിനു ലഭിച്ചത് 39089 വോട്ട്. യുഡിഎഫുമായുള്ള വ്യത്യാസം 13,434 വോട്ട്. എൻഡിഎക്ക് 8145 വോട്ടാണു കിട്ടിയത്. കഴിഞ്ഞ തവണ ബെന്നി ബഹനാന്റെ ഭൂരിപക്ഷം 17331 വോട്ടായിരുന്നു.

പെരുമ്പാവൂർ
ഈ മണ്ഡലത്തിലെ വെങ്ങോല സ്വദേശിയായ ബെന്നി ബഹനാനു ലഭിച്ചത് 13965 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ 22623 വോട്ടായിരുന്നു ഭൂരിപക്ഷം. 55873 വോട്ടുകൾ ഇത്തവണ ബെന്നിക്കു ലഭിച്ചു. എൽഡിഎഫ്–41923, എൻഡിഎ–15180, ട്വന്റി20–17149 എന്നിങ്ങനെയാണു മറ്റുള്ളവർ നേടിയ വോട്ടുകൾ.

അങ്കമാലി
യുഡിഎഫിന്റെ ഉറച്ചകോട്ടയായ അങ്കമാലി മണ്ഡലത്തിൽ ബെന്നിയുടെ ഭൂരിപക്ഷം 16,867 വോട്ട്. 2019ൽ 27,800 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ യുഡിഎഫ് 57791 വോട്ട് നേടി. എൽഡിഎഫ്–40924, എൻഡിഎ 9869, ട്വന്റി20–11371 എന്നിങ്ങനെയാണു മറ്റുള്ളവരുടെ വോട്ടുനില.

ആലുവ
യുഡിഎഫ് ശക്തിദുർഗമായ ആലുവയിൽ ബെന്നി ബഹനാന്റെ ഏറ്റവുമധികം ഭൂരിപക്ഷം 23921 വോട്ടുകൾ. ബെന്നിക്ക് 68204 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന് 44,283 വോട്ടാണു കിട്ടിയത്. എൻഡിഎ–15414, ട്വന്റി20–10691 എന്നിങ്ങനെയാണു വോട്ടുനില. 2019ൽ ബെന്നിയുടെ ഭൂരിപക്ഷം 32,103 ആയിരുന്നു.

മൂവാറ്റുപുഴ
ഡീൻ കുര്യാക്കോസിനു സ്വദേശം സമ്മാനിച്ചത് 27620 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ വർഷത്തെക്കാൾ ഭൂരിപക്ഷത്തിൽ 4919 വോട്ടിന്റെ കുറവാണ് ഇത്തവണ. ഡീൻ കുര്യാക്കോസിന് 69981 വോട്ടാണ് ഇത്തവണ ലഭിച്ചത്. ഇടതു സ്ഥാനാർഥി ജോയ്സ് ജോർജിന് 42361 വോട്ടുകളേ ലഭിച്ചുള്ളൂ. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ 13248 വോട്ട് നേടി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും നഗരസഭയിലും ഡീൻ‌ കുര്യാക്കോസ് ലീഡ് ചെയ്തു.

കോതമംഗലം
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനേക്കാൾ ഇക്കുറി 20,481 വോട്ടിന്റെ ലീഡ് ഡീൻ കുര്യാക്കോസിനു ലഭിച്ചു. നഗരസഭയിലും 8 പഞ്ചായത്തുകളിലും ഡീൻ കുര്യാക്കോസിനാണു ലീഡ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 20,596 വോട്ടായിരുന്നു. ഡീൻ കുര്യാക്കോസ് 63,391, ജോയ്സ് ജോർജ് –42,910, എൻഡിഎ–11,497 എന്നിങ്ങനെയാണു വോട്ടുനില.

പിറവം
യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെതിരെ നേടിയത് 15655 വോട്ടുകളുടെ ഭൂരിപക്ഷം. ഫ്രാൻസിസ് ജോർജ് 61586 വോട്ടുകളാണു നേടിയത്. കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനു പിറവം നൽകിയത് 9104 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇത്തവണ ചാഴികാടനു 45931 വോട്ടുകളും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 21777 വോട്ടുകളും നേടി.

വെല്ലുവിളി ചെറുത്ത് ബെന്നി
കൊച്ചി ∙ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ചാലക്കുടി രണ്ടാമതും നീന്തിക്കയറിയതു കയ്പമംഗലത്തിന്റെ ചെറുത്തുനിൽപും ട്വന്റി20 ഉയർത്തിയ കടുത്ത വെല്ലുവിളിയും മറികടന്ന്. എറണാകുളം ജില്ലയിലെ നാലും തൃശൂർ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ചാലക്കുടിയിൽ അഞ്ചിടത്തും മുന്നിലെത്തിയതു ബെന്നി തന്നെ. എങ്കിലും, ആത്യന്തിക വിലയിരുത്തലിൽ ബെന്ന‌ിക്കു കരുത്തേകിയത് എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളാണ്.

അതിൽത്തന്നെ, ആലുവയെന്ന യുഡിഎഫ് കോട്ട. ബെന്നി അവിടെ നേടിയത് 23,921 വോട്ടുകളുടെ ഭൂരിപക്ഷം. അങ്കമാലി 16,867 വോട്ടുകളുടെയും പെരുമ്പാവൂർ 13,950 വോട്ടുകളുടെയും ഭൂരിപക്ഷം സമ്മാനിച്ചപ്പോൾ കുന്നത്തുനാടു നൽകിയതു ഭൂരിപക്ഷം മാത്രമല്ല, വലിയ ആശ്വാസം കൂടിയാണ്. ട്വന്റി20യുടെ കോട്ടയിൽ അവരുടെ സ്ഥാനാർഥി ചാർലി പോളിനെക്കാൾ 6360 വോട്ടുകളുടെ മേൽക്കൈ.

അതേസമയം, എറണാകുളം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും കൈവിട്ടപ്പോൾ രവീന്ദ്രനാഥിനു പിടിവള്ളിയായതു തൃശൂർ ജില്ലയിൽപെട്ട കയ്പമംഗലവും കൊടുങ്ങല്ലൂരുമാണ്. കയ്പമംഗലത്ത് 10,688 വോട്ടുകൾക്കു ലീഡ് ചെയ്ത അദ്ദേഹത്തിനു കൊടുങ്ങല്ലൂരിൽ നേടാനായതു നേടിയ ഭ‌ൂരിപക്ഷം; 366 വോട്ടുകൾ. അതേസമയം, തൃശൂർ ജില്ലയുടെ ഭാഗമായ ചാലക്കുടി മണ്ഡലത്തിൽ ബെന്നി നേടിയ ഭൂരിപക്ഷം 5716 വോട്ടുകൾ.2019 ൽ നേടിയ 1.32 ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം ആവർത്തിക്കാൻ ബെന്നിക്കു കഴിഞ്ഞില്ലെങ്കിലും വിജയത്തിനു തിളക്കം കുറയുന്നില്ല.

ജില്ലയ്ക്ക് എംപിമാർ 4
കൊച്ചി∙സംസ്ഥാനത്തു മറ്റൊരു ജില്ലയ്ക്കുമില്ലാത്ത പ്രത്യേകതയുണ്ട് എറണാകുളം ജില്ലയ്ക്ക്. നാലു ലോക്സഭാംഗങ്ങളുള്ള ഏക ജില്ലയാണ് എറണാകുളം. ജില്ലയിലെ 14 മണ്ഡലങ്ങൾ 4 ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു എന്നതു മാത്രമല്ല, അവയെ പ്രതിനിധീകരിക്കുന്ന നാലു പേരും ഇതേ ജില്ലക്കാരാണെന്ന അപൂർവതയും ഇത്തവണയുണ്ട്– ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബഹനാൻ (ചാലക്കുടി), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഫ്രാൻസിസ് ജോർജ് (കോട്ടയം) എന്നിവർ.

എറണാകുളം കലൂരാണു ഹൈബി ഈഡന്റെ നാട്. ബെന്നി ബഹനാൻ പെരുമ്പാവൂർ സ്വദേശിയാണ്. ഡീനും ഫ്രാൻസിസ് ജോർജും മൂവാറ്റുപുഴക്കാരാണ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം വിഭജിച്ച് ഇടുക്കിയോടും കോട്ടയത്തോടും ചേർത്തെങ്കിലും രണ്ടിടത്തും വിജയിച്ചത് ഈ മൂവാറ്റുപുഴ സ്വദേശികൾ. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂരിലാണു ഡീൻ കുര്യാക്കോസിന്റെ വീട്. മൂവാറ്റുപുഴ നഗരത്തിലെ വാഴപ്പിള്ളിയിൽ ആണു ഫ്രാൻസിസ് ജോർജിന്റെ വീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com