വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസം: മിന്നിത്തിളങ്ങി ബെന്നി
Mail This Article
അങ്കമാലി ∙ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിൽ മുഖത്തു പതിവുള്ള പുഞ്ചിരിയുമായാണു ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വോട്ടെണ്ണൽ ദിനത്തിൽ ഫലത്തിനായി കാത്തിരുന്നത്. തന്റെ കാര്യം മാത്രമല്ല, ഓരോ മണ്ഡലത്തിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് നില കാണുമ്പോൾ അടുത്തിരുന്ന എംഎൽഎമാർക്കൊപ്പം വിലയിരുത്തൽ. ഇടയ്ക്കു ഭാര്യ ഷേർളിയുമായി വിശേഷങ്ങൾ പങ്കുവയ്ക്കൽ. കൊച്ചു മക്കൾക്കൊപ്പം കളി ചിരി വർത്തമാനങ്ങൾ.
വോട്ടെണ്ണിയെണ്ണി വിജയം ഉറപ്പിച്ചപ്പോൾ ത്രിവർണ നിറത്തിലുള്ള തുണികൊണ്ടു തുന്നിയ തലപ്പാവ് ഭാര്യ ഷേർളി ബെന്നി ബഹനാനെ അണിയിച്ചു. റോജി എം. ജോൺ എംഎൽഎ നൽകിയ മധുരം അൻവർ സാദത്ത്, സനീഷ്കുമാർ ജോസഫ്, എൽദോസ് കുന്നപ്പിള്ളി തുടങ്ങി മറ്റ് എംഎൽഎമാർക്കൊപ്പം പങ്കുവച്ചു. ഷാൾ അണിയിച്ചും കെട്ടിപ്പിടിച്ച് ഉമ്മ വച്ചും പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചു. ഒരുമിച്ചിരുന്നു വോട്ടെണ്ണൽ ഫലം കാണാനെത്തിയ പ്രവർത്തകർക്കും അയൽവാസികൾക്കും മധുരവും ബിരിയാണിയും വിളമ്പി.
ആലുവ യുസി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോയതിനു ശേഷം രാവിലെ എട്ടരയോടെയാണ് അങ്കമാലിയിലെ ഓഫിസിലേക്ക് വന്നത്. എംപി ഓഫിസിന്റെ മുറ്റത്തു സ്ഥാപിച്ച ബിഗ് സ്ക്രീനിലാണു കുടുംബത്തിനും പ്രവർത്തകർക്കുമൊപ്പം ബെന്നി ബഹനാൻ വോട്ടെണ്ണൽ കണ്ടത്. ഭാര്യ ഷേർളി, മക്കളായ വീണയും വേണുവും, വേണുവിന്റെ ഭാര്യ ജെയിൻ, കുടുംബാംഗങ്ങൾ എന്നിവർ ഒപ്പമിരുന്നു. മണ്ഡലത്തിലെ 4 യുഡിഎഫ് എംഎൽഎമാരും കൂടെയുണ്ടായിരുന്നു.
ലീഡ് ഉയരുമ്പോൾ പ്രവർത്തകരുടെ ആരവവും ആവേശവുമേറി. ബിഗ് സ്ക്രീനിനു മുന്നിലും പരിസരത്തുമായി കളിച്ചു കൊണ്ടിരുന്ന കൊച്ചുമക്കളായ ഇവയും ഫ്രെയയും ഇടയ്ക്കു എന്തെങ്കിലുമൊക്കെ പറഞ്ഞു വരുമ്പോഴാണു ബെന്നി ബിഗ് സ്ക്രീനിൽ നിന്നു കണ്ണെടുത്തത്.സ്വന്തം ലീഡുയരുമ്പോൾ മുഖത്തെ പുഞ്ചിരിക്കപ്പുറം ബെന്നി ബഹനാന് അത്യാഹ്ലാദമുണ്ടായിരുന്നില്ല.
എന്നാൽ ഡീനും ഷാഫിയും ഹൈബിയും ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് നില അറിയുമ്പോൾ പലപ്പോഴും അദ്ദേഹം എഴുന്നേറ്റു നിന്നു കയ്യടിച്ചു. ഇടയ്ക്കു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോൾ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു. ലീഡ് 25,000 കടന്നപ്പോൾ തന്നെ പ്രവർത്തകർ പടക്കം പൊട്ടിച്ചു തുടങ്ങി.
ഫലം അറിഞ്ഞ ശേഷം രണ്ടിനു ബെന്നി ബഹനാൻ ആലുവ യുസി കോളജിലേക്കു പോയി. അതോടെ യുഡിഎഫ് പ്രവർത്തകരുടെ ആവേശം അണപൊട്ടി. യൂത്ത് കോൺഗ്രസുകാർ ‘ബെന്നിച്ചേട്ടനെ’ നിലംതൊടാതെ പൊക്കിയെടുത്തു തുറന്ന ജീപ്പിലേക്കു കയറ്റി. എംഎൽഎമാരും ആലുവ നഗരസഭാധ്യക്ഷൻ എം.ഒ. ജോണും ഒപ്പം കയറി. പര്യടനം പറവൂർ കവല വഴി നഗരത്തിനുള്ളിൽ കടന്ന് ആലുവ–മൂന്നാർ റോഡിലൂടെ പെരുമ്പാവൂരിലേക്കു നീങ്ങി. വഴിയിലുടനീളം പടക്കം പൊട്ടിച്ചും ആരവങ്ങൾ മുഴക്കിയും പ്രവർത്തകർ ബെന്നി ബഹനാനെ വരവേറ്റു. പെരുമ്പാവൂർ, കുന്നത്തുനാട്, അങ്കമാലി മണ്ഡലങ്ങൾ ചുറ്റി ആഹ്ലാദപ്രകടനം ചാലക്കുടിയിൽ സമാപിച്ചു.