ഫ്രാൻസിസ് ജോർജിന്റെ വിജയം ഒറ്റയ്ക്കു കണ്ട് ഷൈനി വീട്ടിൽ
Mail This Article
മൂവാറ്റുപുഴ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് കണ്ണഞ്ചിപ്പിക്കുന്ന വിജയം കൈപ്പിടിയിലാക്കുമ്പോൾ മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ കളമ്പാട്ടുപറമ്പിൽ വീട്ടിൽ ഒറ്റയ്ക്ക് പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു ഷൈനി ഫ്രാൻസിസ്. ഫ്രാൻസിസ് ജോർജ് തിങ്കളാഴ്ച രാത്രി തന്നെ കോട്ടയത്തേക്കു പോയതോടെ ഭാര്യ ഷൈനി ഫ്രാൻസിസ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വിജയം ഉറപ്പിച്ച ഉടൻ തന്നെ ഫ്രാൻസിസ് ജോർജ് ഭാര്യയെ വിളിച്ചു സന്തോഷം പങ്കിട്ടു.
പിന്നീട് ആഹ്ലാദം പങ്കുവച്ച് ഒട്ടേറെപ്പേർ വിളിച്ചെങ്കിലും കോട്ടയത്തേക്കു പോകാതെ ഷൈനി വീട്ടിൽ തന്നെ പ്രാർഥനയിൽ മുഴുകി. മുൻപ് നടന്ന മത്സരങ്ങളിലെ പരാജയങ്ങളിൽ നിന്ന് ഒരു തിരിച്ചു വരവ് ഫ്രാൻസിസ് ജോർജിന്റെ കുടുംബം വളരെയേറെ ആഗ്രഹിച്ചിരുന്നു. കോട്ടയത്ത് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും തിളക്കമേറിയ വിജയം ജനങ്ങളുടെ അളവറ്റ സ്നേഹമാണു പ്രതിഫലിപ്പിക്കുന്നതെന്നു ഷൈനി പറഞ്ഞു. മൂത്ത മകൻ ജോർജ് കാനഡയിലാണ്.
ഇളയ മകൻ ജേക്കബ് ഡൽഹിയിലാണ്. രണ്ടാമത്തെ മകൻ ജോസ് വോട്ടെണ്ണൽ നേരിട്ടു കാണാൻ പാർട്ടി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം കോട്ടയത്തായിരുന്നു. അതുകൊണ്ടു തന്നെ ഷൈനി വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ഫ്രാൻസിസ് ജോർജിന്റെ വിജയക്കുതിപ്പ് ചാനലിലൂടെ കണ്ടറിഞ്ഞത്. കൗണ്ടിങ് ആരംഭിച്ചപ്പോൾ മുതൽ ഫ്രാൻസിസ് ജോർജിന്റെ ലീഡ് നില ഒരിക്കൽ പോലും താഴേക്കു പോയിരുന്നില്ലെന്നും അതിനാൽ വലിയ ഭൂരിപക്ഷത്തിൽ വിജയം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും ഷൈനി പറഞ്ഞു.