ADVERTISEMENT

കൊച്ചി ∙ ക്ലാര അന്ന ഈ‍ഡൻ ഇന്നലെ സ്കൂളിൽ പോയില്ല; പകരം ഡിസിസി ഓഫിസിലേക്കാണു വന്നത്. റെക്കോർഡ് വിജയത്തിലേക്കു ഹൈബി ഈഡൻ കുതിക്കുമ്പോൾ കവിളിൽ മകൾ ക്ലാരയുടെ പൊന്നുമ്മ. കറുത്ത ഗൗണിൽ സന്തോഷം നിറച്ചു ഭാര്യ അന്ന സമൂഹ മാധ്യമത്തിൽ കുറിച്ചു– ‘വിനയാന്വിതയായി’. സന്തോഷം മനസ്സിലൊതുക്കി ഹൈബി പറഞ്ഞു– ‘ഇതു ഭയപ്പെടുത്തുന്ന ഉത്തരവാദിത്തം’. ഡിസിസി ഓഫിസിൽ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ മുറിയിൽ ആവേശമുയർത്തി നേതാക്കളും പ്രവർത്തകരും ഹൈബിയെ അനുമോദിക്കാൻ തിക്കുംതിരക്കും കൂട്ടി; ആകാശത്തേക്കു മുഷ്ടിച്ചുരുട്ടി അവർ ആവേശപൂർവം വിളിച്ചു– ‘എറണാകുളത്തിന്റെ രാജകുമാരാ...’.

വോട്ടെടുപ്പിനു മുൻപേ ഹൈബി പറഞ്ഞതാണ് ഇത്തവണ ഭൂരിപക്ഷം കൂടും. ആ ആത്മവിശ്വാസത്തിന്റെ തെളിച്ചം ഇന്നലെയും ഹൈബിയുടെ മുഖത്തുണ്ടായിരുന്നു. യുഡിഎഫ് വിജയം സംശയലേശമെന്യേ ഉറപ്പായിരുന്ന എറണാകുളത്ത് ആകെ അറിയാനുണ്ടായിരുന്നതു കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടക്കുമോയെന്നു മാത്രമായിരുന്നു. വോട്ടെണ്ണി തീരുമ്പോൾ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്ക് ഹൈബി ജ്വലിച്ചുയർന്നു.

രാവിലെ പൊറ്റക്കുഴി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ പിതാവിന്റെയും മാതാവിന്റെയും ശവകുടീരത്തിൽ പ്രാർഥിച്ച ശേഷമാണു ഹൈബി വോട്ടെണ്ണൽ തിരക്കുകളിലേക്കു കടന്നത്. തുടക്കം മുതൽ തന്നെ എറണാകുളത്തിന്റെ മനസ്സ് കൃത്യമായിരുന്നു. ഭാര്യ അന്നയ്ക്കൊപ്പം രാവിലെ ഒൻപതരയ്ക്കു ഹൈബി ഡിസിസി ഓഫിസിൽ എത്തുമ്പോഴേക്കും ഭൂരിപക്ഷം 16,000 കടന്നിരുന്നു. ലീഡ് വൻതോതിൽ ഉയരുമ്പോഴും ടിവിയിലേക്ക് കണ്ണുംനട്ട് ഹൈബി ഇരുന്നു. ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിന്റെ സൂചനകൾ ടിവിയിൽ തെളിയുമ്പോൾ ആരവവും കയ്യടികളും. ഇടയ്ക്കിടെ ഡിസിസി പ്രഡിഡന്റുമായും മറ്റു നേതാക്കളുമായും ചർച്ചകൾ. എംഎൽഎമാരായ ടി.ജെ. വിനോദും ഉമാ തോമസും ഉൾപ്പെടെയുള്ളവർ ഹൈബിക്കൊപ്പം സന്തോഷം പങ്കുവച്ചു.

രാവിലെ 11.15: ഹൈബി ഈഡന്റെ ലീഡ് ഒരു ലക്ഷം കടന്നു. ഷാളണിയിച്ചും പൂക്കൾ കൊണ്ടു ചേർത്തു പിടിച്ചും പ്രവർത്തകർ ഒരു ലക്ഷത്തിന്റെ ആഘോഷത്തിനു തുടക്കമിട്ടു. അപ്പോഴും ഡിസിസി ഓഫിസിനു പുറത്തു ചുരുക്കം പ്രവർത്തകർ മാത്രം. ഉറപ്പുള്ള ജയത്തിൽ അമിതാഘോഷമൊന്നുമില്ലെന്ന മട്ടായിരുന്നു പ്രവർത്തകർക്ക്.

 12.30: കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷവും മറികടന്നു ഹൈബി ഈഡൻ  ഡിസിസി ഓഫിസിനു പുറത്തേക്ക്. ഹൈബിയെ എടുത്തുയർത്താനുള്ള പ്രവർത്തകരുടെ ആവേശം. കത്താനായി കാത്തിരുന്ന പോലെ പടക്കവും കമ്പിത്തിരിയും പൂക്കുറ്റിയുമെല്ലാം ആവേശപൂർവം പൊട്ടിത്തെറിച്ചു. പാർട്ടി പ്രവർത്തകരായ തമ്മനം ഷാനുവും മോളി ചാർളിയും കൂറ്റൻ പതാക ആകാശത്തിലേക്കുയർത്തി.

ഹൈബിയുമായി പ്രകടനം എംജി റോഡിലേക്ക്. എറണാകുളത്തെ കോൺഗ്രസുകാരുടെയും ഹൈബിയുടെയും യഥാർഥ ആഘോഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മണ്ഡലത്തിന്റെ ചരിത്രം തിരുത്തിയ റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ഹൈബി കുതിച്ചുയർന്നു– രണ്ടര ലക്ഷം. തൊട്ടുപിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഹൈബിയുടെ ചിത്രങ്ങളുമായി ഒറ്റ വാചകത്തിൽ ഫ്ലെക്സ് ബോർഡുകളുയർന്നു: ‘ജനം ജയിച്ചു’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com