‘ഇരുത്തിച്ചിരിപ്പിക്കാൻ’ ആശിഷ് വിദ്യാർഥി; സ്റ്റാൻഡപ് കൊമേഡിയനായി കൊച്ചിയിലെത്തി നടൻ
Mail This Article
കൊച്ചി ∙ സിനിമാ പ്രേക്ഷകരെ വിറപ്പിച്ചും ചിരിപ്പിച്ചും സ്ക്രീനിൽ നിറയുന്ന നടൻ ആശിഷ് വിദ്യാർഥി ഇന്നലെ കൊച്ചിയിലെത്തിയത് ‘സ്റ്റാൻഡ് അപ് കൊമേഡിയൻ’ എന്ന പുതിയ റോളിലാണ്. ‘ഹേയ്..സിഐഡി മൂളാ..’ ഈ ഒരൊറ്റ ഡയലോഗിൽ ആശിഷ് വിദ്യാർഥിയെ മലയാളി തിരിച്ചറിയും. 11 ഭാഷകളിലായി 350ൽ അധികം സിനിമകളിൽ അഭിനയിച്ച, മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ആശിഷ് ‘റെയ്നിങ് സ്മൈൽസ്’ എന്ന യാത്രയ്ക്കിടെയാണ് ആശിഷും ജീവിതപങ്കാളിയും കൊച്ചിയിലെത്തിയത്. ‘സിറ്റ് ഡൗൺ ആശിഷ്’ എന്ന പേരിലാണ് സ്റ്റാൻഡ് അപ് കോമഡി ഷോ അവതരണം. ആശിഷ് സംസാരിക്കുന്നു.
റെയ്നിങ് സ്മൈൽസ് ?
മൺസൂൺ മഴയോടൊപ്പം കന്യാകുമാരിയിൽ നിന്നു കശ്മീർ വരെ നീളുന്ന വ്യത്യസ്ത യാത്രയാണു ‘റെയ്നിങ് സ്മൈൽസ്’. കന്യാകുമാരിയിൽ മൺസൂൺ വരവിന്റെ ഭാഗമാകുന്നവരെക്കുറിച്ചെല്ലാം എന്റെ കുട്ടിക്കാലത്ത് ഏറെ കേട്ടിട്ടുണ്ട്. അത് അനുഭവിച്ചറിയുന്നതിനൊപ്പം ചെറു പട്ടണങ്ങളിലും നഗരങ്ങളിലും സഞ്ചരിച്ച് ആളുകളോടു സംവദിക്കാനും നാടുകളെ അറിയാനുമാണു ശ്രമം.
സ്റ്റാൻഡ് അപ് കോമേഡിയനായി പുതിയ റോൾ ?
350ൽ അധികം സിനിമകളിൽ അഭിനയിച്ച എനിക്കു പ്രേക്ഷകരുടെ തൊട്ടുമുന്നിൽ അവതരണം നടത്തണമെന്ന ചിന്തയിൽ നിന്നാണ് അടുത്തിടെ സ്റ്റാൻഡ് അപ് കോമഡി ഷോ അവതരിപ്പിച്ചു തുടങ്ങിയത്. മറ്റുള്ളവരിൽ നന്മയും പ്രത്യാശയും നിറയ്ക്കാൻ കഴിയുമെങ്കിൽ അതു നല്ലതല്ലേ.