എഫ്ഐആർ പുതുക്കി: അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത്; കുറ്റങ്ങളിൽ ചതിയും ഗൂഢാലോചനയും
Mail This Article
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവട സംഘത്തിനു വേണ്ടി മനുഷ്യക്കടത്തു നടത്തിയ കേസിൽ ചതിയും ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ഉൾപ്പെടുത്തി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ 3 പ്രതികളുടെയും മുഖ്യസാക്ഷിയായ പാലക്കാട് സ്വദേശി ഷമീറിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ പുതുക്കിയത്. അവയവക്കച്ചവട നിരോധന നിയമത്തിലെ വകുപ്പുകൾ മാത്രം ഉൾപ്പെടുത്തിയാൽ കുറ്റകൃത്യത്തിൽ പങ്കാളിയായ ആശുപത്രികളും ഡോക്ടർമാരും ഏജന്റുമാരും പ്രതിപ്പട്ടികയിൽ ഉൾപ്പെടില്ല. അവയവ കൈമാറ്റം നടന്നത് അവയവക്കച്ചവടം കുറ്റകരമല്ലാത്ത ഇറാനിലാണെന്ന നിയമ പ്രശ്നവും നിലനിൽക്കുന്നുണ്ട്.
എന്നാൽ അവയവക്കച്ചവടത്തിനായി ഇരകളെ കബളിപ്പിക്കാനുള്ള ഗൂഢാലോചന നടന്നതും ഇരകളെ ചതിയിൽപ്പെടുത്തി മനുഷ്യക്കടത്ത് നടത്തിയതും സംഘം ഇന്ത്യയിൽ നടത്തിയ കുറ്റകൃത്യങ്ങളാണ്. ഇന്ത്യൻ ശിക്ഷാനിയമപ്രകരമുള്ള വിശ്വാസവഞ്ചനയും എഫ്ഐആറിൽ ഉൾപ്പെടുത്തിയേക്കും. ബല്ലംക്കൊണ്ട രാമപ്രസാദ് ഉൾപ്പെടുന്ന റാക്കറ്റിനു പുറമേ അവയവക്കച്ചവടത്തിനായി വിദേശത്തേക്കു മനുഷ്യക്കടത്ത് നടത്തുന്ന കൂടുതൽ സംഘങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ചു ലഭ്യമായ വിവരങ്ങൾ കേരള പൊലീസ് കേന്ദ്ര ഏജൻസികൾക്കു കൈമാറും. അറസ്റ്റിലായ പ്രതികൾ ഉൾപ്പെടുന്ന റാക്കറ്റിന്റെ കെണിയിൽ വീണ ഏക മലയാളി ഷമീറാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള നിഗമനം. ഹൈദരാബാദ്, ഡൽഹി, ലക്നൗ എന്നിവിടങ്ങളിൽ നിന്നുകടത്തിയ 20 ഇതരസംസ്ഥാനക്കാരുടെ വിവരങ്ങളും കേരള പൊലീസിനു ലഭിച്ചിട്ടുണ്ട്. തായ്‌ലൻഡ് , മസ്കത്ത് വഴിയാണ് ഇവരെ ഇറാനിലേക്കു കടത്തിയതെന്ന് അന്വേഷണസംഘത്തലവനായ എറണാകുളം റൂറൽ എസ്പി: ഡോ.വൈഭവ് സക്സേന അറിയിച്ചു.