ADVERTISEMENT

ആലുവ∙ മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടം, തകർന്നൊടിഞ്ഞ ഇരിപ്പിടങ്ങൾ, കണ്ണു തുറക്കാത്ത വൈദ്യുതി വിളക്കുകൾ, അടച്ചു പൂട്ടിയ പൊലീസ് എയ്ഡ് പോസ്റ്റ്, സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്–260 ബസുകൾ സർവീസ് നടത്തുന്ന ആലുവ രാജീവ് ഗാന്ധി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ വിശേഷങ്ങളാണിത്. മെട്രോ സ്റ്റേഷന്റെ സാമിപ്യവും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താൽ അതിമനോഹരമായി സംരക്ഷിക്കേണ്ട ബസ് സ്റ്റാൻഡ് ആണ് അധികൃതരുടെ അവഗണന മൂലം നാശത്തിലേക്കു കൂപ്പു കുത്തുന്നത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ചു സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന, ആലുവ–ഫോർട്ടുകൊച്ചി റൂട്ടിൽ ഓടുന്ന ‘ഭുവനേശ്വരി’ ബസിൽ നിന്നു 180 ലീറ്റർ ഡീസൽ ചോർത്തിയതാണ് ഒടുവിലത്തെ മോഷണ കഥ. സ്റ്റാൻഡിന്റെ മുന്നിൽ കിടന്ന ബസ് പിന്നിൽ എത്തിച്ചാണു ഡീസൽ മോഷ്ടിച്ചത്. പിറ്റേന്നു രാവിലെ സർവീസ് ആരംഭിക്കുന്നതിനു മുൻപ് ഇന്ധം നിറയ്ക്കാൻ പമ്പിൽ ചെന്നപ്പോഴാണ് ഡീസൽ ഊറ്റിയതും ടാങ്ക് കേടു വരുത്തിയതും ജീവനക്കാർ അറിഞ്ഞത്. സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള 6 സ്റ്റീൽ കസേരകളുടെ കാലും കയ്യും ഒടിഞ്ഞ അവസ്ഥയിലാണ്. ഇതു സാമൂഹികവിരുദ്ധർ തകർത്തതാണെന്നു പറയുന്നു.

വയോധികരായ യാത്രക്കാരുടെ പ്രയാസം കണ്ടു വ്യാപാരികൾ കസേരകളുടെ അടിയിൽ കോൺക്രീറ്റ് കട്ടകൾ നിരത്തി ഇരിക്കാനുള്ള താൽക്കാലിക സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. സ്റ്റാൻഡിൽ എപ്പോഴും അനേകം ഇരുചക്രവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നതു കാണാം. ആരാണ് ഇതിന് അനുവാദം കൊടുത്തതെന്ന് ആർക്കും അറിയില്ല.  പൊലീസും നഗരസഭാധികൃതരും നടപടി എടുക്കുന്നില്ല. സ്റ്റാൻഡിനോടു ചേർന്നുള്ള മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ നഗരസഭയ്ക്ക് ഓഫിസും യൂണിഫോം ധരിച്ച ഇൻസ്പെക്ടർമാരും ഉണ്ടായിട്ടും ഇതാണു സ്ഥിതി. നഗരത്തിൽ ലഹരി കൈമാറ്റത്തിന്റെ കേന്ദ്രം കൂടിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ്. പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചാൽ തന്നെ സാമൂഹികവിരുദ്ധരെ കുറെ നിയന്ത്രിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com