ADVERTISEMENT

ചേരാനല്ലൂർ ∙ ഫാക്ട് ഉൾപ്പെടെ രാസവ്യവസായ ശാലകളിൽ അപകടമുണ്ടായാൽ രക്ഷപ്പെടാൻ ‘എമർജൻസി എക്സിറ്റായി’ ഏലൂർ ചൗക്കയും ചേരാനല്ലൂരും ബന്ധിപ്പിച്ചു പാലം നിർമിക്കണമെന്നു വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനു വീണ്ടും സർക്കാരിന്റെ പച്ചക്കൊടി. ഒരിക്കൽ നിർമാണോദ്ഘാടനം നടത്തി ടെൻഡർ നടപടി വരെ എത്തിയ ശേഷം മുടങ്ങിപ്പോയ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ വീണ്ടും ആരംഭിച്ചതാണു നാട്ടുകാർക്കു പ്രതീക്ഷ നൽകുന്നത്. കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത വ്യവസായശാലകളിൽ എപ്പോൾ വേണമെങ്കിലും ദുരന്തമുണ്ടാകുമെന്നതാണ് ഏലൂർ തെക്കുംഭാഗം ഭാഗത്തുള്ള നാട്ടുകാരുടെ ആശങ്ക. 2004ൽ എച്ച്ഐഎൽ എൻഡോസൾഫാൻ പ്ലാന്റിൽ അഗ്നിബാധയുണ്ടായപ്പോഴും പിന്നീട് മെർക്കം കമ്പനിയിൽ അപകടമുണ്ടായപ്പോഴും ഏലൂരിൽ നിന്നു പുറത്തു കടക്കാൻ നാട്ടുകാർ അനുഭവിച്ച ദുരിതം കണക്കിലെടുത്താണു എമർജൻസി എക്സിറ്റ് എന്ന നിലയിൽ ചേരാനല്ലൂരിലേക്ക് പാലം എന്ന ആവശ്യം ഉയർന്നത്.

ചൗക്ക പരിസരത്തു താമസിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങൾക്കും ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ഏലൂർ ഫെറിയിൽ നിന്നു ചേരാനല്ലൂരിലേക്കുള്ള പാലത്തിലൂടെ ദേശീയപാതയിലേക്കു എളുപ്പം രക്ഷപ്പെടാൻ കഴിയുമെന്നതും നാട്ടുകാരുടെ ആവശ്യത്തിനു ബലം നൽകി. ഈ ആവശ്യം ഉന്നയിച്ചു പെരിയാറിനു കുറുകെ മനുഷ്യച്ചങ്ങല തീർത്തുള്ള സമരങ്ങളും നടന്നതോടെ പാലം നിർമിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാലം നിർമാണത്തിന്റെ ടെൻഡർ നടപടികൾ വരെ കാര്യങ്ങൾ പുരോഗമിച്ചു. 2016 ഫെബ്രുവരിയിൽ പാലത്തിന്റെ നിർമാണോദ്ഘാടനവും നടന്നു. പിന്നീടു എൽഡിഎഫ് സർക്കാർ വന്നതോടെ പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മൂലം നടപടികൾ ഫയലിൽ ഒതുങ്ങി.

എതാണ്ട് പത്തു വർഷങ്ങൾക്കു ശേഷം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചതാണു ജനങ്ങൾക്കു പ്രതീക്ഷ നൽകുന്നത്. ഇതുസംബന്ധിച്ചു ഏലൂർ ഭാഗത്തുള്ള ഭൂവുടമകളുടെ പബ്ലിക് ഹിയറിങ് കഴിഞ്ഞ ദിവസം നടന്നു. 22ന് ചേരാനല്ലൂർ ഭാഗത്തുള്ള ഭൂവുടമകളുടെ ഹിയറിങ് നടത്താനാണു നിശ്ചയിച്ചിട്ടുള്ളത്. തൃക്കാക്കര ഭാരതമാത സ്കൂൾ ഓഫ് സോഷ്യൽ വർക്കാണ് സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് തയാറാക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com