ADVERTISEMENT

മട്ടാഞ്ചേരി∙ മത്സരക്കാലം എത്തിയതോടെ ആകാശത്ത് മണിക്കൂറുകളോളം വട്ടമിട്ട് പറക്കുകയാണ് മത്സര പ്രാവുകൾ. മഴയും വെയിലും കണക്കിലെടുക്കാതെയാണ് പറക്കൽ. കൊച്ചിയിലെ പറവ സ്നേഹികളെ സംബന്ധിച്ച് പ്രാവ് പറത്തൽ മത്സരം വെറും കൗതുകമല്ല, ആവേശമാണ്. കൊച്ചിക്കാരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായി പ്രാവ് പറത്തൽ മാറിയിട്ട് കാലമേറെയായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മത്സരം നടത്തുന്നുണ്ട്. ഓരോ മത്സരവും മാസങ്ങളോളം നീണ്ടു നിൽക്കും. കൊച്ചിൻ പീജിയൻ ഫ്ലൈയിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള മത്സരങ്ങൾ ഒന്നിന് ആരംഭിച്ചു. ഓഗസ്റ്റിൽ സമാപിക്കും. മത്സരം നടക്കുന്ന സ്ഥലത്ത് നേരം പുലരുന്നത് മുതൽ വൈകിട്ട് വരെ ആകാശത്തേക്ക് നോക്കിയിരിക്കുന്ന യുവാക്കളുടെ സംഘങ്ങളെ കാണാം–ആകാശത്തേക്ക് പറത്തി വിടുന്ന മത്സര പ്രാവുകളെ നിരീക്ഷിക്കുന്നവർ.

അംപയർമാർക്ക് നിശ്ചിത സമയത്തിനുള്ളിൽ ആകാശത്ത് പറക്കുന്ന തങ്ങളുടെ പ്രാവിനെ കാണിച്ചു കൊടുക്കേണ്ടത് മത്സരത്തിൽ പങ്കെടുക്കുന്നവരാണ്. രാത്രി സമയങ്ങളിൽ പ്രാവിനെ നിരീക്ഷിക്കുന്നതിന് പ്രത്യേക വിളക്ക് സംവിധാനം വീടുകൾക്ക് മുകളിൽ ഏർപ്പെടുത്തും. വാച്ചിങ്ങും കെയറിങ്ങുമാണ് പ്രാവ് വളർത്തലിൽ പ്രധാനമെന്ന് പറവ സ്നേഹികൾ പറയുന്നു. ഭക്ഷണവും ആരോഗ്യവും ശ്രദ്ധിച്ചാണ് പ്രാവുകളെ മത്സരത്തിന് ഒരുക്കുന്നത്. സീസൺ കഴിയുമ്പോൾ ചിറക് വെട്ടി, ആരോഗ്യകരമായ ഭക്ഷണം നൽകി പ്രാവുകളെ പരിപാലിച്ച് അടുത്ത സീസണിൽ മത്സരത്തിന് ഇറക്കാൻ പരിശീലനം നൽകുന്നു. ഏകദേശം അഞ്ഞൂറോളം മത്സര പ്രാവുകൾ കൊച്ചിയിലുണ്ടെന്ന് പറയുന്നു. വിനോദത്തിനായി വളർത്തുന്ന പ്രാവുകൾ അയ്യായിരത്തോളം. പ്രാവ് പറത്തൽ മത്സരം കായിക ഇനമായി അംഗീകരിക്കണമെന്നും ആവശ്യം ഉയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com