അങ്കമാലി ഇപ്പോഴും കുരുക്കിൽത്തന്നെ; ബസ് കാത്തുനിൽപു കേന്ദ്രം മുന്നോട്ടു നീക്കിയിട്ടും ഫലമില്ല
Mail This Article
അങ്കമാലി ∙ ദേശീയപാതയിൽ എസ്ബിഐയുടെ മുന്നിൽ നിന്നു ബസ് കാത്തുനിൽപു കേന്ദ്രം മുന്നോട്ടു നീക്കിയിട്ടും ഗതാഗതക്കുരുക്കിനു ശമനമില്ല. പുതിയ ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപത്തെ അനധികൃത പാർക്കിങ് യാത്രക്കാരെയും ബസുകാരെയും വലയ്ക്കുന്നു. ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണു മുൻപ് ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്ന ഭാഗത്തു നിന്നു മുന്നോട്ടു നീക്കിയത്. പുതിയ ബസ് കാത്തുനിൽപു കേന്ദ്രത്തിന്റെ ബോർഡ് സ്ഥാപിച്ചതിന്റെ പരിസരത്തെ അനധികൃത പാർക്കിങ്ങിനെ തുടർന്നു ബസുകൾക്കു നിർത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ റോഡിന്റെ വശങ്ങളിൽ പാർക്കിങ് നിരോധിച്ചുള്ള ബോർഡുകൾ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു ഫലവുമില്ല. അങ്കമാലിയിലേക്കു വരുന്നതും പറവൂർ, മാള, കണക്കൻകടവ് ഭാഗങ്ങളിലേക്കു പോകുന്നതിനുമുള്ള പ്രധാന ബസ് കാത്തുനിൽപു കേന്ദ്രത്തിലാണ് ഈ ദുരവസ്ഥയുള്ളത്.
ഇപ്പോൾ പുതുക്കി നിശ്ചയിച്ച ബസ് കാത്തുനിൽപു കേന്ദ്രം ഉള്ളിടത്താണു മുൻപ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ബസ് കാത്തിരിപ്പു കേന്ദ്രം അനുവദിച്ചിരുന്നത്. ഇടക്കാലത്ത് എസ്ബിഐയുടെ മുന്നിലേക്കു ബസ് കാത്തിരിപ്പു കേന്ദ്രം മാറ്റി. അവിടെ നടപ്പാതയും ചേർത്തു നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം അശാസ്ത്രീയവും ഗതാഗത തടസ്സം ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി നഗരസഭ പൊളിച്ചു നീക്കി. തുടർന്നാണു ബസ് കാത്തുനിൽപു കേന്ദ്രം 200 മീറ്ററോളം മുന്നോട്ടു നീക്കിയത്. ദേശീയപാതയിലെ രണ്ടുവരി ഗതാഗതം തടസ്സപ്പെടാതെ വെള്ളവരയ്ക്ക് പുറത്തായി ബസ് നിർത്തുന്നതിന് സ്ഥലമുണ്ട്. എന്നാൽ ഇപ്പോഴത്തെ ബസ് കാത്തുനിൽപു കേന്ദ്രത്തിൽ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അനധികൃത പാർക്കിങ്ങിനെ തുടർന്നു ബസുകൾക്കു റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കേണ്ട സ്ഥിതിയാണ്.
ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്ന് എംസി റോഡിൽ നിന്നു തൃശൂർ ഭാഗത്തേക്ക് സെൻട്രൽ ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ പച്ച തെളിയുന്ന സമയം 30 സെക്കൻഡ് അനുവദിച്ചിരുന്നത് ഇപ്പോൾ 15 സെക്കൻഡാക്കി കുറച്ചതിനാൽ ഗതാഗതക്കുരുക്കേറി. എംസി റോഡിൽ അമലോത്ഭവ മാതാവിന്റെ കപ്പേള വരെ ഗതാഗതക്കുരുക്ക് നീളാറുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ പഴയ മാർക്കറ്റ് റോഡ് വരെ കാൽനടയാത്ര തടസ്സപ്പെടുത്തിയുള്ള റോഡരികിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖല പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.