ADVERTISEMENT

അരൂർ∙ മഴ കനത്തതോടെ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ വാഹന യാത്ര അസാധ്യമായി. നൂറുകണക്കിനു കുഴികളിൽ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുകയാണ്. പാതയുടെ ഇരുവശങ്ങളിലും വെള്ളക്കെട്ട് ശക്തമാണ്.വെള്ളം കെട്ടിനിൽക്കാത്ത ഭാഗങ്ങളെല്ലാം കുഴമ്പു പരുവത്തിലാണ്. ദുരിത പാതയിലൂടെ യാത്ര ചെയ്ത് ആയിരക്കണക്കിനാളുകളാണു ബുദ്ധിമുട്ടുന്നത്. 12.75  കിലോമീറ്റർ പാത കടക്കാൻ രണ്ട് മണിക്കൂർ വരെ വേണ്ട അവസ്ഥയാണിപ്പോൾ. യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിയുകയാണ്.

ആലപ്പുഴ ഭാഗത്തു നിന്നും എറണാകുളത്തെ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളിൽ ഭൂരിഭാഗവും തുറവൂരിൽ നിന്നു തിരിഞ്ഞ് എഴുപുന്ന,കുമ്പളങ്ങി റോഡ് വഴിയാണു എറണാകുളത്തേക്കു കടക്കുന്നത്.മറ്റ് ഒട്ടേറെ വാഹനങ്ങളും ഈ റൂട്ട് വഴിയാണു യാത്ര.ഇതുമൂലം എഴുപുന്ന–കുമ്പളങ്ങി റോഡിലും വാഹനത്തിരക്കേറി. മഴ കുറഞ്ഞു വെയിൽ തെളി‍ഞ്ഞപ്പോൾ യാത്രക്കാരെ ദുരിതത്തിലാക്കിയ പൊടി ശല്യമായിരുന്നു.ഇപ്പോൾ അതു മാറി കുഴി ശല്യമായി. സർവീസ് റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റലും മണ്ണും മഴയെ തുടർന്നു ഇളകി റോഡിലേക്കും റോഡ് സൈഡിലെ വീടുകളുടെ മുറ്റത്തേക്കും കടകളിലേക്കും ഒലിച്ചിറങ്ങുകയാണ്.

ഇതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. സർവീസ് റോഡുകളിൽ കെട്ടിക്കിടക്കുന്ന പെയ്ത്തു വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല.കാനയുണ്ടെങ്കിലും അതിൽ നിറഞ്ഞു കിടക്കുന്ന വെള്ളവും ഒഴുകി പോകുന്നില്ല.ഉയരപ്പാത നിർമാണ സൈറ്റുകളിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ മഴയത്ത് ചെളി വെള്ളം റോഡിലേക്കു ഒഴുകുന്നതും യാത്രക്കാർക്കു ദുരിതമാണ്.ദേശീയപാതയോരത്തുള്ള ഒട്ടേറെ സ്കൂളുകളിലെ വിദ്യാർഥികൾ ചെളിവെള്ളത്തിൽ ചവിട്ടിയാണു സ്കൂളിൽ എത്തുന്നത്.വിദ്യാർഥികളും കാൽനട യാത്രികരും അനുഭവിക്കുന്ന ദുരിതങ്ങൾ അധികൃതർ കാണുന്നില്ല.ഒട്ടേറെ പരാതികളെ തുടർന്ന് ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ യാത്രാ ദുരിതം നേരിൽ കണ്ടെങ്കിലും ഇതുവരെ ശാശ്വത നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com