പെരിയാർ മത്സ്യക്കുരുതി: കൂടിയ അളവിൽ ഘനലോഹങ്ങളുടെ സാന്നിധ്യമെന്നു കുഫോസ് റിപ്പോർട്ട്
Mail This Article
കൊച്ചി∙ പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്നു പരിശോധിച്ച വെള്ളത്തിന്റെയും മത്സ്യത്തിന്റെയും അടിത്തട്ടിലെ ചെളിയുടെയും സാംപിളുകളിൽ കൂടിയ അളവിൽ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നു കുഫോസിന്റെ റിപ്പോർട്ട്. ഹൈഡ്രജൻ സൾഫൈഡ്, അമോണിയ തുടങ്ങി രാസവസ്തുക്കളുടെ അമിത സാന്നിധ്യവും ഓക്സിജന്റെ അളവു കുറഞ്ഞതും മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമായി. അടിഞ്ഞുകൂടിയ ജൈവമാലിന്യങ്ങളും പോഷകങ്ങളും അമിത അളവിൽ ഒഴുകിയെത്തിയതും ഓക്സിജൻ അളവു കുറഞ്ഞതും വെള്ളത്തിൽ പ്ലവങ്ങൾ വർധിക്കാൻ ഇടയാക്കി.
ഓക്സിജൻ ഇല്ലാതായതു വിഷവസ്തുക്കളായ ഹൈഡ്രജൻ സൾഫൈഡിന്റെയും അമോണിയയുടെയും ഉൽപാദനത്തിനു വഴിയൊരുക്കി. ശ്വാസവായു ഇല്ലാതായതും വിഷ സാന്നിധ്യവും ചേർന്നാണു മത്സ്യക്കുരുതിക്കു കളമൊരുക്കിയത്.സ്വാഭാവിക കാരണങ്ങൾക്കു പുറമേ, സൾഫറും സൾഫേറ്റുകളും പുറന്തള്ളപ്പെട്ടതു മൂലം ഹൈഡ്രജൻ സൾഫൈഡ് ഉണ്ടായതും സ്ഥിതി രൂക്ഷമാക്കി. കൂടാതെ ഹൈഡ്രജൻ സൾഫൈഡ് നേരിട്ടു തള്ളുന്ന വ്യവസായങ്ങളും ഉണ്ട്.
കാഡ്മിയം, ലെഡ്, ആർസെനിക്, ക്രോമിയം, നിക്കൽ, കോപ്പർ, സിങ്ക്, കൊബാൾട്ട്, മാംഗനീസ്, യുറേനിയം തുടങ്ങി ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്. കീടനാശിനികളുടെയും മറ്റു വിഷവസ്തുക്കളുടെയും സാന്നിധ്യം അനുവദനീയ അളവിലും കൂടുതലാണെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോതാട്, മൂലമ്പള്ളി, വരാപ്പുഴ മേഖലകളിൽ നിന്നാണു സാംപിൾ ശേഖരിച്ചത്. പെരിയാറിലെ മത്സ്യക്കുരുതി രാസമാലിന്യം കാരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് വിവാദമായിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ ഇൗ റിപ്പോർട്ട് ഉദ്ധരിച്ചതും പ്രതിഷേധത്തിനിടയാക്കി.