ADVERTISEMENT

മൂവാറ്റുപുഴ∙ കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ കുതിച്ചുയർന്നപോലെ തക്കാളി വില മുകളിലേക്ക്. കഴിഞ്ഞ മാസം 50 രൂപയായിരുന്ന തക്കാളി വില ദിവസങ്ങൾക്കുള്ളിലാണ് ഇരട്ടി വിലയിലേക്ക് ഉയർന്നത്. ചില്ലറ വിൽപന വില 120 – 130 രൂപയാണ്. തക്കാളി മാത്രമല്ല അടുക്കള ബജറ്റിന്റെ കീഴ്മേൽ മറിക്കുന്ന വിധം സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, ബീൻസ്, പയർ, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ വിലയും കുതിക്കുകയാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി വിപണിയായ കർണാടകയിലെ കോലാർ അഗ്രികൾചർ പ്രൊ‍ഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ (എപിഎംസി) കഴിഞ്ഞ വർഷത്തെക്കാൾ 2,000 ക്വിന്റൽ കുറവു തക്കാളിയാണു ചൊവ്വാഴ്ച വിൽപനയ്ക്ക് എത്തിയത്. വെള്ളീച്ച ആക്രമണവും അപ്രതീക്ഷിത മഴയുമാണു തക്കാളി വിളവിൽ കുറവു വരുത്തിയതെന്നാണു മാർക്കറ്റ് അധികൃതർ പറയുന്നത്. 

ഇതോടെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള തക്കാളി വരവു വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് ദിവസങ്ങൾക്കുള്ളിൽ വില ഇരട്ടിയാകാൻ കാരണം. കർണാടകയിൽ തക്കാളി ഉൽപാദനത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. വില ഇനിയും വർധിക്കാനാണു സാധ്യതയെന്നു വ്യാപാരികൾ പറയുന്നു. ചെറുകിട പച്ചക്കറിക്കടകളിൽ തക്കാളി കിട്ടാനില്ലാത്ത സ്ഥിതിയും ഉണ്ട്. കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തക്കാളി വില 200 രൂപയ്ക്കു മുകളിൽ എത്തിയിരുന്നു. കടകളിൽ തക്കാളിക്കു കാവൽ ഏർപ്പെടുത്തിയ സ്ഥിതി വിശേഷം വരെ ഉണ്ടായി. പച്ചക്കറിക്കടകളിൽ പുറത്തുവച്ചു വിൽപന നടത്തിയിരുന്ന തക്കാളി ഇപ്പോൾതന്നെ കടകളുടെ ഉള്ളിലേക്കു മാറ്റിയിട്ടുണ്ട്. 

ബീൻസ്, കാരറ്റ് വിലയും വീണ്ടും വർധിക്കുകയാണ്. വില 200 രൂപയായി വർധിച്ച ബീൻസിന്റെ വില 140 രൂപയിലേക്കു താഴ്ന്നിരുന്നു. ഇത് ഇന്നലെ 160 രൂപയായി ഉയർന്നിട്ടുണ്ട്. മുരിങ്ങക്കായുടെ വില 50 ൽ നിന്ന് 150 രൂപയായി. തക്കാളിക്കൊപ്പം കഴിഞ്ഞ വർഷം റെക്കോർഡ് വിലയിലേക്ക് ഉയർന്ന ഇഞ്ചിയുടെ വില 180 – 200 രൂപയായി വർധിച്ചിട്ടുണ്ട്. വെളുത്തുള്ളി വില 250 രൂപയായി. ഉരുളക്കിഴങ്ങ് 50, സവാള 45, പയർ 60, ക്യാരറ്റ് 60, ചേന 70, ഊട്ടി ബീറ്റ്റൂട്ട് 60 എന്നിങ്ങനെയാണു പച്ചക്കറി വില. 

English Summary:

Reduced Yield Leads to Spike in Tomato Prices in Kerala Markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com