പാതപണി അരൂരിൽ, വില്ലനായി പാതാളക്കുഴികളും; കുരുക്കും തിരക്കും കൊച്ചിയിലേക്ക്
Mail This Article
കുമ്പളം ∙ മാടവനയിലെ ബസപകടത്തെ തുടർന്നായിരുന്നു ഞായറാഴ്ച കൊച്ചി ബൈപാസിൽ ഗതാഗത കുരുക്കെങ്കിൽ അരൂർ ഭാഗത്തു നടക്കുന്ന ഉയരപ്പാത നിർമാണമായിരുന്നു ഇന്നലത്തെ വില്ലൻ. അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് കുമ്പളം ടോൾ പ്ലാസയും കടന്ന് വടക്കോട്ട് മാടവന വരെ നീണ്ടു.
വൈകിട്ട് മൂന്നരയ്ക്കു തുടങ്ങിയ കുരുക്ക് രാത്രിയോടെ അഴിഞ്ഞെങ്കിലും വാഹനങ്ങൾക്ക് നിരങ്ങിയാണ് നീങ്ങാനായത്. ബൈക്കുകൾക്കു പോലും പോകാൻ പറ്റാത്ത വിധമായിരുന്നു വാഹന നിര. മഴ തുടങ്ങിയതോടെ ദുരിതം ഏറി. വൈകിട്ട് ജോലികഴിഞ്ഞും സ്കൂളിൽ നിന്നു മടങ്ങുന്നവരും ഏറെ വലഞ്ഞു.
ഒരു കിലോ മീറ്ററിന് അടുത്തുള്ള കുമ്പളം അരൂർ പാലത്തിൽ ഒതുക്കി നിർത്താൻ പോലും പറ്റാതെ ബൈക്ക് യാത്രികർ മഴ നനഞ്ഞു. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഴ ശക്തി പ്രാപിച്ചാൽ അടുത്ത ദിവസങ്ങളിൽ കുരുക്ക് കൊച്ചി നഗരത്തിലേക്കു നീളുമോയെന്ന ആശങ്കയിലാണ് യാത്രികർ.
വില്ലനായി പാതാളക്കുഴികളും അനധികൃത പാർക്കിങ്ങും
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ സർവീസ് റോഡിലെ പാതാളക്കുഴികളിൽ നിരന്തരം വാഹനങ്ങൾ വീണിട്ടും പരിഹാര നടപടികൾ ഇഴയുന്നു.
പാതയോരത്ത അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിലും അധികൃതർ പരാജയപ്പെടുന്നു. ഇന്നലെ ഉച്ചയോടെ അരൂർ അബാദ് ഗോൾഡ് സ്റ്റോറേജിന് എതിർ വശത്ത് കവചിത വാഹനം ബ്രേക്ക് ഡൗൺ ആയി.
ഇന്നലത്തെ ഗതാഗത കുരുക്ക് എറണാകുളം ജില്ലയിലേക്കു നീളുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഈ വാഹനമായിരുന്നു. ഇത്ര വലിയൊരു പദ്ധതി ആരംഭിക്കുമ്പോൾ വേണ്ടത്ര മുൻകരുതലുകൾ ദേശീയപാത അധികൃതർ സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ദുരിതമേറും യാത്ര
അരൂർ ∙ ഉയരപ്പാത നിർമാണത്തെ തുടർന്നുള്ള യാത്രാ ക്ലേശം അനുദിനം വർധിക്കുകയാണ്. കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞതോടെ ദേശീയപാതയിലൂടെ വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്.
15 മിനിറ്റിൽ എത്തേണ്ട സ്ഥലത്ത് ഒരു മണിക്കൂറിലേറെ വേണ്ടിവരുന്നു.കെഎസ്ആർടിസി ബസ് വീണ അരൂർ പെട്രോൾ പമ്പിന്റെ വടക്കുഭാഗത്തെ കുഴി ജിഎസ്പി മിശ്രിതം ഇട്ടെങ്കിലും കനത്ത മഴയിൽ ഒലിച്ചു തുടങ്ങി.
വൈറ്റില ഭാഗത്തു നിന്ന് അരൂക്കുറ്റിയിലേക്കു പോകേണ്ട ചെറുവാഹനങ്ങൾ അരൂർ പള്ളിയറക്കാവ് റോഡ്, മൾട്ടി പർപ്പസ് റോഡ് എന്നിവിടങ്ങളിലൂടെയാണു പോകുന്നത്. ഇതോടെ ഈ റോഡുകളിലും കുരുക്കാണ്.
പാതയോരത്തു താമസിക്കുന്നവർക്കു പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത വിധം വാഹനത്തിരക്കായി. അരൂക്കുറ്റിയിലേക്കു വാഹനങ്ങൾ തിരിയുന്ന അരൂർ ക്ഷേത്രം കവലയും ഗതാഗതക്കുരുക്കിൽ തന്നെ.