ADVERTISEMENT

കാക്കനാട്∙ ഫ്ലാറ്റ് സമുച്ചയങ്ങളിലെ പ്രവേശന നിയന്ത്രണങ്ങളിൽ ഇളവു വരുത്തി, കൃത്യമായ പരിശോധനയ്ക്ക് നടപടിയുമായി തൃക്കാക്കര നഗരസഭ. ഡിഎൽഎഫ് ഫ്ലാറ്റിലെ കൂട്ട രോഗബാധയെ തുടർന്നാണ് ഫ്ലാറ്റുകളിൽ നഗരസഭ പിടിമുറുക്കുന്നത്. പല ഫ്ലാറ്റുകളിലേക്കും ആരോഗ്യ പ്രവർത്തകരെ പോലും കയറ്റി വിടുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. എല്ലാ ഫ്ലാറ്റുകളിലും ആരോഗ്യ പരിശോധനയും കുടിവെള്ള സംഭരണികളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാണ് നഗരസഭ നടപടിയെടുക്കുന്നത്. ഇന്ന് 10.30ന് ഫ്ലാറ്റ് റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിൽ ചേർന്ന് വിപുലമായ നടപടികൾക്ക് രൂപം നൽകും. 

ഡിഎൽഎഫ് ഫ്ലാറ്റിലെ കൂട്ട അസുഖബാധ ദിവസങ്ങൾ കഴിഞ്ഞാണ് പുറത്തറിഞ്ഞത്. പ്രാദേശികമായി ബോധവൽക്കരണം നടത്തുന്ന ആശാ വർക്കർമാർ ഉൾപ്പെടെ ഔദ്യോഗിക ആരോഗ്യ പ്രവർത്തകരെ പോലും പ്രവേശിപ്പിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ അധികൃതർ അറിയാനും  പ്രതിരോധ നടപടികൾ വൈകാനും കാരണമായതത്രെ. 

അസ്വഭാവിക അസുഖങ്ങളോ കൂട്ട രോഗബാധയുടെ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ആശാ പ്രവർത്തകരാണ് ആരോഗ്യ വകുപ്പിനെ അറിയിക്കുന്നത്. ആശാ പ്രവർത്തകർക്ക് ഇടം നൽകിയിരുന്നെങ്കിൽ ഡിഎൽഎഫ് ഫ്ലാറ്റിലെ കൂട്ട രോഗബാധ ദിവസങ്ങൾക്കു മുൻപേ പുറത്തറിയുകയും ഇത്രയും പേരിലേക്ക് ബാധിക്കുന്നത് തടയുകയും ചെയ്യാമായിരുന്നുവെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. 

തൃക്കാക്കരയിൽ ആയിരത്തോളംഫ്ലാറ്റ് ടവറുകൾ   
തൃക്കാക്കര നഗരസഭാ പരിധിയിൽ 206 ഫ്ലാറ്റ് ക്യാംപസുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഒന്നു മുതൽ 15 വരെ ഫ്ലാറ്റ് ടവറുകൾ ഓരോ ക്യാംപസിലുമുണ്ട്. ഇതു പ്രകാരം ഏകദേശം ആയിരത്തോളം ഫ്ലാറ്റ് ടവറുകളുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓരോ വാർഡിലെയും ആശാ പ്രവർത്തകർ ആഴ്ചയിലൊരിക്കലെങ്കിലും ഫ്ലാറ്റിലെ അസോസിയേഷനുകളുമായും സെക്യൂരിറ്റി വിഭാഗവുമായും ബന്ധപ്പെടാനാകും വിധമുള്ള ക്രമീകരണമാണ് നഗരസഭ ആലോചിക്കുന്നത്. ആശാ പ്രവർത്തകർ ഫ്ലാറ്റിലെ താമസക്കാരോട് സംസാരിക്കാനും അവസരമൊരുക്കും. ഇതിനോട് ഫ്ലാറ്റുകളിലെ താമസക്കാരുടെ സഹകരണം ഉറപ്പാക്കാനാണ് അവിടങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളുടെ യോഗം ഇന്ന് വിളിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com