ADVERTISEMENT

കൊച്ചി∙ ചൈനാ നിർമിത ഡ്യൂപ്ലിക്കറ്റ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും വൻ ശേഖരം കസ്റ്റംസും പൊലീസും ചേർന്നു പിടിച്ചെടുത്തു. രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും തനിപ്പകർപ്പുകൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനങ്ങളിലാണു കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും പൊലീസും ചേർന്നു മിന്നൽ പരിശോധന നടത്തിയത്. കൊച്ചി ബ്രോഡ്‌വേയിലും മലപ്പുറം തിരൂരിലുമായിരുന്നു പരിശോധന.

ekm-fake-watches-l1

തിരൂരിലെ 6 വാച്ച് വിൽപനശാലകളിൽനിന്ന് 8500ലേറെയും ബ്രോഡ്‌വേയിലെ രണ്ടു കടകളിൽനിന്ന് 600ലേറെയും വാച്ചുകൾ പിടികൂടി. നൂറുകണക്കിനു സൺ ഗ്ലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. ചൈനയിൽ നിർമിച്ച് ഇറക്കുമതി ചെയ്തതാണ് ഇവയെല്ലാം. മലപ്പുറം തിരൂരിൽ 6 എഫ്ഐആറും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 2 എഫ്ഐആറും റജിസ്റ്റർ ചെയ്തു കേസ് അന്വേഷണം ആരംഭിച്ചു. പകർപ്പവകാശ ലംഘനത്തിനാണു കേസ്.

ekm-fake-watches-l-3

ടിസോ, റാഡോ, ലോൻജീൻ, കാസിയോ ജി ഷോക്ക് വാച്ചുകളുടെയും റെയ്ബാൻ സൺഗ്ലാസുകളുടെയും തനിപ്പകർപ്പുകളുടെ ശേഖരമാണു പിടിച്ചത്. വിപണിയിൽ പല മോഡലുകളുടെയും ഒറിജിനലുകൾക്ക് ലക്ഷക്കണക്കിനു രൂപ വിലയുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ വാച്ച് ശേഖരം പിടിക്കുന്നതെന്നു കസ്റ്റംസ് അറിയിച്ചു.

ekm-fake-watches-l4
പരിശോധനയിൽ കണ്ടെടുത്ത ഡ്യൂപ്ലിക്കേറ്റ് വാച്ചുകൾ

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ കെ.പത്മാവതി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഇത്തരത്തിൽ കസ്റ്റംസ്–പൊലീസ് സംയുക്തനീക്കമുണ്ടാകുന്നതും അപൂർവമാണ്. വിശദമായ അന്വേഷണത്തിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നു കൊച്ചി സിറ്റി, മലപ്പുറം പൊലീസ് മേധാവിമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com