ADVERTISEMENT

കൊച്ചി ∙ ആറു വർഷത്തിനിടയിൽ കേരളത്തിലെ വനങ്ങളിൽ നിന്നു കാണാതായത് 4313 ആനകളെ! ഇൗ ആനകൾ ചരിഞ്ഞെന്നോ, മറ്റെവിടേക്കെങ്കിലും കുടിയേറിയോ എന്നൊന്നും വനം വകുപ്പിനു കണക്കില്ല. ഏതായാലും ഇവിടത്തെ കുറവിന് ആനുപാതികമായ വർധന കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ ആനകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുമില്ല. സംസ്ഥാന വനം വകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ കാട്ടാനകളുടെ എണ്ണം 1723 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 197 എണ്ണം കുറവ്. എന്നാൽ കാട്ടാനകളുടെ എണ്ണം സംബന്ധിച്ച ആധികാരിക രേഖയായ , കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2017 ൽ നടത്തിയ കണക്കെടുപ്പിന്റെ രേഖകൾ 2020 ൽ പ്രസിദ്ധീകരിച്ചത് അനുസരിച്ചു കേരളത്തിൽ കാട്ടാനകളുടെ എണ്ണം 5706 ആണ്. ഇതേ കാലത്ത് സംസ്ഥാന വനം വകുപ്പിന്റെ കണക്കെടുപ്പിൽ കേരളത്തിൽ 6036 കാട്ടാനകളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതും  ഇന്നലെ പുറത്തുവിട്ട കണക്കും തമ്മിലെ വ്യത്യാസമാണ് 4313.

കാട്ടാനകളുടെ എണ്ണം പെരുകിയതാണ് അവ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമെന്നു കർഷക സംഘടനകൾ ആരോപിക്കുമ്പോഴാണ് സർക്കാർ തിരക്കിട്ട് ആനക്കണക്കെടുത്തത്. ഇതിലെ എണ്ണ വ്യത്യാസമാണ് ഇപ്പോൾ ആക്ഷേപങ്ങൾക്കു കാരണം. കേന്ദ്ര സർക്കാരിനു കീഴിലെ പ്രോജക്ട് എലിഫന്റ് ഡിവിഷന്റെ കണക്കുകൾ പ്രകാരം 1993 ൽ കേരളത്തിൽ 3500, കർണ്ണാടകത്തിൽ 5500, തമിഴ്‌നാട്ടിൽ 2307 എന്നതായിരുന്നു ആന എണ്ണം. 2007 ൽ കേരളത്തിലെ ആനകൾ 6068 ആയി. 2012 ൽ അത് 5942 ഉം 2017 ൽ 5706 ഉം ആയിരുന്നു. 2017 ൽ ദേശീയ തലത്തിലെ ആന വളർച്ച 17% ആയിരുന്നെങ്കിൽ കേരളത്തിൽ 63% എന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ പ്രോജക്ട് എലിഫന്റ് ഡിവിഷൻ കണക്കെടുപ്പ്. ഇതാണ് ഇപ്പോൾ വല്ലാതെ കുറഞ്ഞുപോയത്.

2017 ൽ ആനകളുടെ പിണ്ഡം അടിസ്ഥാനമാക്കി സംസ്ഥാന വനം വകുപ്പു നടത്തിയ കണക്കെടുപ്പിൽ 6036 ആനകളുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതേ രീതിയിലുള്ള കണക്കെടുപ്പിൽ 2023 ൽ ആനകളുടെ എണ്ണം 2386 ആയി കുറഞ്ഞു. കാട്ടിൽ ചരിയുന്ന ആനകൾക്കും വനം വകുപ്പിന്റെ കൈയിൽ കണക്കുണ്ടാകണം എന്നാണു നിയമം. കൊമ്പനാനകളാണെങ്കിൽ  അവയുടെ കൊമ്പിനും കണക്കു വേണം. എന്നാൽ 6 വർഷത്തിനിടയിൽ 4313 ആനകൾ കുറഞ്ഞിട്ടും വനം വകുപ്പിന് ഇതിലൊന്നും മറുപടിയില്ല. കണക്കെടുപ്പു നടക്കുന്ന സമയത്തു കേരളത്തിൽ വേനൽ ആയതിനാൽ ആനകൾ കൂട്ടത്തോടെ കർണാടക, തമിഴ്നാട് വനങ്ങളിലേക്കു കടന്നു എന്നായിരുന്നു എണ്ണത്തിലെ കുറവിനെപ്പറ്റി കഴിഞ്ഞ വർഷം നൽകിയ വിശദീകരണം. എന്നാൽ കഴിഞ്ഞ വർഷത്തെ ആ രണ്ടു സംസ്ഥാനങ്ങളിലെയും ആനകളുടെ എണ്ണത്തിൽ ഇൗ വർധന കാണുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com