മണ്ണെടുപ്പ്: നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണ ഭിത്തി നിർമിക്കണം
Mail This Article
കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്ത് പരിധിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമായ സാഹചര്യത്തിൽ സംരക്ഷണ ഭിത്തിയില്ലാത്ത ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി.നിതാമോൾ. ശക്തമായ മഴയിൽ കഴിഞ്ഞ മേയ് 29 മുതൽ പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. പലപ്പോഴും അളവിൽ കൂടുതൽ മണ്ണ് എടുക്കുന്നതിനാൽ മണ്ണിടിച്ചിൽ വ്യാപകമാണ്. കഴിഞ്ഞ ദിവസം പള്ളിക്കര ചിറ്റനാട് ചാക്യോത്ത് മല ഭാഗത്ത് 40 അടി ഉയരത്തിൽ നിന്നു മല ഇടിഞ്ഞ് ജോമോന്റെ വീട് തകർന്നിരുന്നു.
അതിനോട് ചേർന്നുള്ള മലയും ഏതു സമയവും നിലം പതിക്കാവുന്ന നിലയിലാണ്. ഇവിടെ 42 കുടുംബങ്ങളാണ് താമസിക്കുന്നത്. മോറയ്ക്കാല പള്ളിമുകൾ കോളനിയും മണ്ണെടുപ്പിനെത്തുടർന്ന് ഭീഷണിയിലാണ്. കൂടാതെ പെരിങ്ങാല, പോത്തനാംപറമ്പ്, പിണർമുണ്ട, വെമ്പിള്ളി, പറക്കോട്, പട്ടിമറ്റം, നീലിമല എന്നിവിടങ്ങളിൽ നിന്നു മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതിയാണ് പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളത്.
പല സ്ഥലത്തും പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയർ, ജനപ്രതിനിധികളും ഉൾപ്പെടെ പഞ്ചായത്ത് ഹിയറിങ് നടത്തിയെങ്കിലും തീരുമാനമായില്ലെന്ന് മാത്രമല്ല പുതിയ പരാതികളുമായി ആളുകൾ പഞ്ചായത്തിൽ എത്തുകയും ചെയ്യുന്നുണ്ട്. ഇതേ തുടർന്ന് വരും നാളുകളിൽ മണ്ണെടുത്ത പ്രദേശത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള സ്ഥലത്തിന് മാത്രമേ അനുമതി കൊടുക്കുകയുള്ളൂ എന്നും വരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.