ഇൻഡോ ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉപയോഗിച്ച ശേഷം പൊളിക്കാൻ കൊടുത്ത വാഹനം വ്യാജ നമ്പർ പ്ലേറ്റുമായി പിടിയിൽ
Mail This Article
പെരുമ്പാവൂർ ∙ ഇൻഡോ ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉപയോഗിച്ച ശേഷം പൊളിക്കാൻ കൊടുത്ത വാഹനം വ്യാജ നമ്പർ പ്ലേറ്റുമായി മോട്ടർ വാഹനവകുപ്പിന്റെ പിടിയിൽ. എഐ ക്യാമറയിൽ പതിഞ്ഞ വാഹനത്തെ കുറിച്ചുളള അന്വേഷണത്തിലാണ് എംസി റോഡിൽ വട്ടയ്ക്കാട്ടുപടിയിലെ വർക്‌ഷോപ്പിൽ നിന്നു മോട്ടർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയത്. വാഹനം പൊലീസിനു കൈമാറി. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കർണാടക റജിസ്ട്രേഷൻ നമ്പറിലാണ് (കെഎ 19 എബി 1111 ) ജിപ്സി വാഹനം. കർണാടക റജിസ്ട്രേഷനിലുളള മറ്റൊരു കാറിന്റെ നമ്പറാണിതെന്നു കണ്ടെത്തി.
ഒരു വർഷം മുൻപ് ആർസി റദ്ദാക്കി പൊളിക്കാൻ നൽകിയതാണ്. എന്നാൽ ഒരു വർഷത്തോളമായി വാഹനം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഓടുകയും എഐ ക്യാമറയിൽ കുടുങ്ങുകയും ചെയ്തു. പിഴ അടയ്ക്കാൻ വാഹന ഉടമയ്ക്ക് നോട്ടിസ് ലഭിച്ചതോടെ മംഗളൂരു പൊലീസിൽ പരാതി നൽകി. പരാതി എറണാകുളം എൻഫോഴ്സ്മെന്റിനു കൈമാറി. വാഹനത്തിന്റെ ചേസ് നമ്പർ പരിശോധിച്ചാണ് ഇൻഡോ ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉപയോഗിച്ചിരുന്നതാണെന്നു കണ്ടെത്തിയത്. അന്തർ സംസ്ഥാന തട്ടിപ്പാണെന്നാണു സൂചന. ആർസി ബുക് റദ്ദാക്കുമ്പോൾ വാഹനം പൊളിച്ചു എന്നു ഉറപ്പാക്കണമെന്നാണ് നിയമം.