ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു: പി. ചിദംബരം
Mail This Article
കൊച്ചി∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോഴും ജനഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ അവരുടെ പ്രിയപ്പെട്ട നേതാവായി ഉമ്മൻചാണ്ടിയെ കണ്ടുവെന്നതിന്റെ നേർസാക്ഷ്യമാണ് അദ്ദേഹത്തിന് അന്ത്യയാത്രയിൽ ലഭിച്ച അനുശോചന പ്രവാഹം. അദ്ദേഹത്തോടുള്ള അനുസ്മരണം പുതുക്കേണ്ടത് സമ്മേളനങ്ങളിലല്ലെന്നും സേവനങ്ങളിലൂടെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ ലളിത ജീവിതവും പാർട്ടിയോടുള്ള കൂറും പുതു തലമുറയ്ക്ക് മാതൃകയാണ്. ജനങ്ങളെ സേവിക്കുന്നതിനെ ഒരു ലഹരിയായി കണ്ടു, അവസാന മനുഷ്യനിലേക്കും തന്റെ കരുതൽ എത്തിക്കുവാൻ അദ്ദേഹം കാണിച്ച മനസ്സ് അഭിനന്ദനീയമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു.
10 കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ അടക്കം ഒരു കോടിയുടെ സേവന പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയിൽ യൂത്ത്കോൺഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി ലൈഫ് ടൈം എക്സലൻസ് അവാർഡ് ഡോ. മൻമോഹൻ സിങിന് നൽകുവാനും തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി. എഫ് കൺവീനർ എം.എം. ഹസ്സൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ്, റോജി. എം. ജോൺ, എം.പി. മാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, കെ. ബാബു, എം.എൽ.എ മാരായ ടി. ജെ വിനോദ്, അൻവർ സാദത്ത്, എ.പി അനിൽകുമാർ, ഉമ തോമസ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ അബ്ദുൾ മുത്തലിബ്, ജയ്സൺ ജോസഫ്, ഡൊമിനിക് പ്രസൻ്റേഷൻ, മനോജ് മൂത്തടൻ, ടോണി ചമ്മിണി, ദീപക് ജോയ് തുടങ്ങിയവർ സംസാരിച്ചു.