ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി; അങ്കാളിയമ്മൻ ക്ഷേത്രത്തിലെ ആൽമരം കടപുഴകി
Mail This Article
പറവൂർ ∙ ശക്തമായ കാറ്റിലും മഴയിലും ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി. ഇന്നലെ രാത്രി 12 മണിയോടെയാണ് കാറ്റ് വീശിയടിച്ചത്. ചരിത്ര പ്രാധാന്യമുള്ള ഹോളിക്രോസ് പള്ളി മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുത്തു നവീകരിച്ച് ഈ മാസം ആദ്യമാണ് ഉദ്ഘാടനം ചെയ്തത്. സമീപത്തെ പള്ളിമേടയുടെ മുകളിലെ കുറച്ച് ഓടുകളും നശിച്ചു. പള്ളിയങ്കണത്തിലെ തേക്ക് മരവും നിലംപൊത്തി. മുസിരിസ് പൈതൃക പദ്ധതി അധികൃതരും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.
ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിന്റെ മുൻ വശത്തെ കൂറ്റൻ ആൽമരവും തേക്കും കടപുഴകി വീണ് ക്ഷേത്രം ഓഫിസിനും മതിലിനും ഊട്ടുപുരയ്ക്കും നാശനഷ്ടമുണ്ടായി. 2 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നു ക്ഷേത്രം ഭാരവാഹികളായ ടി.ടി.മോഹനൻ, വി.യു.പ്രദീപ്കുമാർ, ദേവസ്വം മാനേജർ സി.കെ.രാജീവ് എന്നിവർ പറഞ്ഞു. വടക്കേക്കര പഞ്ചായത്ത് മുറവൻതുരുത്ത് 11-ാം വാർഡിലെ നമ്പ്യത്ത് ലിജുവിന്റെ വീട് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തകർന്നു വീണു. ഓടിട്ട മേൽക്കൂരയും വീടിന്റെ ഭിത്തികളും നശിച്ചു. അപകടസമയം ലിജു വീട്ടിൽ ഇല്ലായിരുന്നു.