സീപോർട്ട്- എയർപോർട്ട് റോഡ്: ടാർ ചെയ്ത പ്രതലവും റോഡിന്റെ വശവും തമ്മിൽ രണ്ടടി ഉയരവ്യത്യാസം
Mail This Article
കാക്കനാട്∙ റോഡും റോഡരികും തമ്മിലുള്ള ഉയരവ്യത്യാസം സീപോർട്ട് എയർപോർട്ട് റോഡിൽ തുടരെ അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് മറിഞ്ഞുവീഴുന്നത്. അപകടം പെരുകിയതോടെ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യണമെന്നാവശ്യപ്പെട്ട് ആർടിഒ കെ.മനോജ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്തു നൽകി. ടാർ ചെയ്ത പ്രതലവും റോഡിന്റെ വശവും തമ്മിൽ ചിലയിടങ്ങളിൽ രണ്ടടി വരെ ഉയരവ്യത്യാസമുണ്ട്.
ടാങ്കർ ലോറികൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ മറികടന്നു പോകുമ്പോൾ ഇരുചക്ര വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നവരാണ് മറിഞ്ഞുവീഴുന്നത്. കാലു കുത്തുമ്പോഴാണ് റോഡരിക് നിരപ്പല്ലെന്നും ഗർത്തമാണെന്നും പലർക്കും മനസ്സിലാകുന്നത്. അപ്പോഴേക്കും റോഡിൽ കാൽ എത്താതെ മറിഞ്ഞു വീണിട്ടുണ്ടാകും. ജില്ലാ പഞ്ചായത്ത് ജംക‍്ഷൻ മുതൽ ഓണം പാർക്ക് വരെയുള്ള ഭാഗത്താണ് കൂടുതൽ ഉയരവ്യത്യാസം. റോഡു വശങ്ങളിൽ ടാറും മെറ്റലും ഇടിഞ്ഞു വൻ ഗർത്തങ്ങൾ രൂപപ്പെടുന്നതും അപകടഭീഷണി ഉയർത്തുന്നു.
ചെറുതായി ഇടിഞ്ഞു തുടങ്ങിയ ഭാഗങ്ങളിലെല്ലാം കുഴികൾക്കു ദിവസം ചെല്ലും തോറും വ്യാപ്തി കൂടി വരുന്നു. മഴ പെയ്യുന്നതിനാൽ റോഡു വക്കിൽ നിന്ന് തെന്നി വശങ്ങളിലെ ഗർത്തങ്ങളിലേക്കു മറിഞ്ഞു വീണ ഇരുചക്ര വാഹന യാത്രികരുമുണ്ട്. രാത്രികാലത്തു റോഡും വശവും തമ്മിലുള്ള ഉയരവ്യത്യാസം കാണാനാകാതെ വരുമ്പോൾ വേഗത്തിൽ ഓടിയെത്തുന്ന ഇരുചക്ര വാഹനങ്ങൾ ഈ ഭാഗത്ത് അകപ്പെട്ടു മറിഞ്ഞു വീഴുന്നു.
അടിയന്തര ഇടപെടൽ വേണമെന്ന് ആർടിഒ
കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ അപകട ഭീഷണി ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ആർടിഒ കെ.മനോജ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്തു നൽകിയത്. പരിഹരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്കു വഴിവയ്ക്കുമെന്ന ആശങ്ക കത്തിലുണ്ട്. അതേസമയം സീപോർട്ട് എയർപോർട്ട് റോഡിൽ കാൽനടക്കാർക്കു സഞ്ചരിക്കാൻ ഭൂരിഭാഗം ഇടങ്ങളിലും നടപ്പാത ഇല്ലാത്തതും പ്രശ്നമാണെന്ന് യാത്രക്കാർ പറയുന്നു. ദിവസേന ആയിരങ്ങൾ വന്നുപോകുന്ന കലക്ടറേറ്റ് ജംക്‌ഷനിലൂടെയും കേരള മീഡിയ അക്കാദമിയുടെ മുൻപിലൂടെയുമുള്ള യാത്രയാണ് ഏറെ ദുഷ്കരം. കാൽനടക്കാർ ഏറെ സഞ്ചരിക്കുന്ന റോഡാണിത്.