രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനത്തിൽ താരങ്ങളായി ഭിന്നശേഷിയുള്ള കുട്ടിഗവേഷകർ
Mail This Article
കൊച്ചി ∙ ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള രാജ്യാന്തര സമഗ്ര വികസന വിദ്യാഭ്യാസ സമ്മേളനം ജൂലൈ 25 മുതൽ 27 വരെ മൈസൂരു അമൃത വിശ്വവിദ്യാപീത്തിൽ നടന്നു. ഭിന്നശേഷിക്കാരുടെ ശബ്ദം ഉയർന്നു കേൾക്കുകയെന്ന ആശയം മുൻനിർത്തി അമേരിക്കയിലെ അടെൽഫി യൂണിവേഴ്സിറ്റിയും അമൃത വിശ്വവിദ്യാപീഠം മൈസൂറും ചേർന്നാണ് കോൺഫറൻസ് നടത്തിയത്.
അടെൽഫി യൂണിവേഴ്സിറ്റി പ്രഫ. പവൻ ജോൺ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രഫ. പി.എ. ബേബി ശാരി മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ യങ് റിസർച്ചേഴ്സ് അക്കാദമിയാണ് (ജൈറ) കുട്ടികളെ പരിശീലിപ്പിച്ചത്. വി.എം. നിഷ, ജോസ് സത്യദാസ്, രഞ്ജു ജോസഫ്, സി.എസ്. രഞ്ജിത, മഞ്ജുള ദേവാനന്ദ, ഷാഹിത സഗീർ എന്നിവർ മാർഗ നിർദ്ദേശം നൽകി. അമേരിക്കയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിനോഷ് ജി. തങ്കം, സ്റ്റാൻഫോഡിൽ നിന്ന് ഇരിമ്പൻ മാത്യൂസ്, കോർവോ ഇന്റർനാഷനലിലെ റെയ്ബിൻ റാഫി എന്നീ ശാസ്ത്രജ്ഞരും പങ്കാളികളായിരുന്നു.
എറണാകുളം നിർമല സ്പെഷൽ സ്കൂളിലെ അദ്വൈത് രഘുനാഥ്, ഉമ്മു ഹബീബ, ജെസിന്താ ജെറിൻ, ഹന്ന മറിയം എന്നിവർ ചെടികളുടെ വളർച്ചയിൽ ഉപ്പിന്റെ സ്വാധീനം, ചെടികളിലെ ഇലകളുടെ നിറവ്യത്യാസത്തിന്റെ കാരണങ്ങൾ എന്നിവ പഠന വിഷയമാക്കി. കണ്ണൂർ ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ റിത ഫാത്തിമ, കെ.വി.ജോമോൻ, സി. ആദിദേവ്, ആൻ മരിയ ജോസഫ്, പി.പി. അമൽദേവ്, ഐബിൻ ഐസക് എന്നിവരും പങ്കെടുത്തു. വിവിധങ്ങളായ ചിത്രശലഭങ്ങളുടെ ജീവിത ശൈലിയെക്കുറിച്ചായിരുന്നു പഠനം.