ആദ്യ ദിനം നിരാശയുടേത്; രണ്ടാം ദിനം കിട്ടി അയലയും കിളിമീനും കണവയും
Mail This Article
വൈപ്പിൻ∙ ട്രോളിങ് നിരോധനം അവസാനിച്ചതിനു ശേഷം കടലിലിറങ്ങിയ ബോട്ടുകൾക്കു പൊതുവേ നിരാശ. പലർക്കും ലഭിച്ചത് കുറഞ്ഞ അളവിൽ കിളിമീനും കണവയും. ചരക്ക് കുറവായതിനാൽ ഭൂരിപക്ഷം ബോട്ടുകളും ഭാഗ്യം കാത്ത് കടലിൽ തുടരുകയാണ്. സാധാരണ ഈ സമയത്ത് വലുപ്പമുള്ള കിളിമീൻ വൻതോതിൽ ലഭിക്കേണ്ടതാണെങ്കിലും അതുണ്ടായില്ല. കാറ്റിലും മഴയിലും കടൽ ഇളകി മറിഞ്ഞു കഴിഞ്ഞാൽ കിട്ടേണ്ട പൂവാലൻ ചെമ്മീനും കാര്യമായി ദൃശ്യമായില്ല. മുനമ്പത്തു നിന്ന് പോയ ഏതാനും ബോട്ടുകളാണ് കിളിയും കണവയുമായി എത്തിയത്. മറ്റു പല ഹാർബറുകളിലും ബോട്ടുകൾ തിരിച്ചെത്തി തുടങ്ങിയിട്ടില്ല. ചരക്ക് ഇല്ലാത്തതാണ് കാരണമെന്നാണ് സൂചന.
നിരോധനം തീർന്നതിനു ശേഷമുള്ള ആദ്യ ദിവസമായതിനാൽ കിളിമീനിന് വലുപ്പം കുറവായിട്ടും ഇന്നലെ രാവിലെ മുനമ്പം ഹാർബറിൽ കിലോഗ്രാമിന് 110 രൂപ നിരക്കിലാണ് കച്ചവടം നടന്നത്. സാമാന്യം വലുപ്പമുള്ള കണവയ്ക്ക് കിലോഗ്രാമിന് 400 രൂപയോളം വില കിട്ടി. കാലാവസ്ഥാ വ്യതിയാനം മൂലം കടലിലെ നീരൊഴുക്കിൽ കാര്യമായ മാറ്റമുണ്ടായിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു. എങ്കിലും വരും ദിനങ്ങളിൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് അവരുടെ പ്രതീക്ഷ. യന്ത്രവൽകൃത വള്ളങ്ങൾക്കും ലഭ്യത മോശമായിരുന്നു. പലർക്കും കിട്ടിയത് കുറഞ്ഞ അളവിൽ ചെമ്മീൻ മാത്രം. ഉണക്കാൻ കയറ്റിപ്പോകുന്ന തരം മീനുകളും ചില വള്ളങ്ങൾക്ക് കിട്ടി.
മട്ടാഞ്ചേരി∙ ട്രോളിങ് നിരോധനം അവസാനിച്ച ശേഷം പ്രതീക്ഷയോടെ കടലിൽ പോയ ബോട്ടുകൾക്ക് ആദ്യ ദിനം നിരാശയുടേതായിരുന്നുവെങ്കിൽ വെള്ളിയാഴ്ച മോശമല്ലാത്ത മീൻ കിട്ടി. തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്ന് കടലിൽ പോയ എഴുപതോളം പഴ്സീൻ നെറ്റ് ബോട്ടുകളിൽ ഭൂരിഭാഗത്തിനും മോശമല്ലാത്ത രീതിയിൽ അയല ലഭിച്ചു. 4 ലക്ഷം രൂപ വരെ ലഭിച്ച ബോട്ടുകളുണ്ട്. ഹാർബറിൽ നിന്ന് പോയ നൂറോളം ട്രോളിങ് ബോട്ടുകളിൽ പത്തെണ്ണം ഉച്ചയോടെ മടങ്ങി എത്തി. കിളിമീൻ ആയിരുന്നു കൂടുതൽ ലഭിച്ചത്. 60,000 മുതൽ 80,000 രൂപ വരെ വില കിട്ടി. ബാക്കി ബോട്ടുകൾ 2 ദിവസത്തിന് ശേഷം മാത്രമേ മടങ്ങി എത്തുകയുള്ളുവെന്ന് ഉടമകൾ പറയുന്നു.