അറിവിനൊരു കൈത്താങ്ങ്: പാഠപുസ്തകങ്ങൾ ലോൺ നൽകും; പഠനം കഴിഞ്ഞാൽ തിരികെ നൽകണം
Mail This Article
മട്ടാഞ്ചേരി∙ ഉപരിപഠനത്തിന് പുസ്തകങ്ങൾ ഇല്ലേ, വിഷമിക്കേണ്ട. മട്ടാഞ്ചേരി സ്വദേശി കോയ മണിയും കൂട്ടരും ലോൺ എ ബുക്കുമായി കാത്തിരിപ്പുണ്ട്. പ്ലസ് വൺ മുതലുള്ള ഉപരിപഠനത്തിന് പാഠപുസ്തകങ്ങൾ വലിയ വില നൽകി വാങ്ങാൻ സാധിക്കാതെ വരുന്നവരെ കണ്ടുകൊണ്ടാണ് അറിവിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കോയ മണിയും കൂട്ടുകാരും രംഗത്ത് വന്നിട്ടുള്ളത്. ടീം ഹാജീസ എജ്യുക്കേഷൻ വിങ് 83, 84, 85 ബാച്ചുകളിലെ അംഗങ്ങളാണ് ഇതിൽ സഹകരിക്കുന്നത്. പി.കെ.നവാസ് കൊണ്ടുവന്ന ആശയം കോയ മണി, എം.എം.അയൂബ് എന്നിവരുടെ നേതൃത്വത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു.
ഉപരിപഠനത്തിന് സഹായകരമായ പാഠപുസ്തകങ്ങൾ ശേഖരിച്ച് അത് വിദ്യാർഥികൾക്ക് ലോൺ മാതൃകയിൽ നൽകുന്നതാണ് രീതി. പഠനം കഴിഞ്ഞാൽ പുസ്തകങ്ങൾ മറ്റൊരു കുട്ടിക്ക് പ്രയോജനപ്പെടുന്നതിനായി തിരികെ നൽകണം. കോയ മണിയുടെ വീട്ടിൽ പുസ്തക ശേഖരണത്തിന് പ്രത്യേകം ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ നൽകാൻ താൽപര്യം ഉള്ളവരും ആവശ്യം ഉള്ളവരും ഈ നമ്പറിൽ ബന്ധപ്പെടണം. 8891628366.