പുഴയിൽ പൈപ്പ് പൊട്ടിയോ? ഏലൂർ വടക്കുംഭാഗം പ്രദേശങ്ങളിൽ 3 ദിവസമായി ശുദ്ധജലമില്ല
Mail This Article
ഏലൂർ ∙ വടക്കുംഭാഗം, ഡിപ്പോ, മേത്താനം പ്രദേശങ്ങളിൽ 3 ദിവസമായി ശുദ്ധജലം ലഭിക്കാതെ നാട്ടുകാർ വലഞ്ഞു. നാലാം ദിവസവും ശുദ്ധജലം ലഭിക്കാതെ ആയതോടെ കൗൺസിലർ പി.എം.അയൂബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.അബ്ദുൽ റസാക്ക് എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെത്തി പ്രതിഷേധിച്ചു. ഏലൂരിലേക്കു പമ്പു ചെയ്യുന്ന പൈപ്പിൽ മർദം വളരെ കുറഞ്ഞിട്ടുണ്ടെന്നും പൈപ്പിന്റെ പുഴയിലൂടെ കടന്നുപോകുന്ന ഭാഗത്തു ചോർച്ചയുണ്ടോയെന്നു പരിശോധിക്കേണ്ടിവരുമെന്നും അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ടാങ്കർ ലോറികളിൽ െവള്ളം എത്തിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യപ്രകാരം അദ്ദേഹം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടറുമായി ബന്ധപ്പെട്ടു. നഗരസഭ ആവശ്യപ്പെട്ടാൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ അനുമതി നൽകാമെന്നു ഡപ്യൂട്ടി കലക്ടർ അറിയിച്ചു. തുടർന്നാണു നഗരസഭ ഉച്ചയോടെ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു തുടങ്ങിയത്.കഴിഞ്ഞ 3 ദിവസം നടത്തിയ പരിശോധനയിലും പൈപ്പിലെ ചോർച്ച കണ്ടെത്താൻ വാട്ടർ അതോറിറ്റിക്കു കഴിഞ്ഞില്ല. പരിശോധന തുടരുമെന്നു അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.