വാട്ടർ മെട്രോ മട്ടാഞ്ചേരിയിലേക്ക്; ടെർമിനൽ നിർമാണം ഒക്ടോബറോടെ പൂർത്തിയാവും
Mail This Article
കൊച്ചി ∙ കാൽക്കോടി യാത്രക്കാരെന്ന നേട്ടം പിന്നിട്ട വാട്ടർ മെട്രോ ഒക്ടോബറോടെ മട്ടാഞ്ചേരിയിലേക്ക്. മട്ടാഞ്ചേരി കോർപറേഷൻ പാർക്കിനു സമീപം നിർമിക്കുന്ന ബോട്ട് ടെർമിനലിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയാവും. പാർക്കിന്റെ മറുഭാഗത്ത് ജലഗതാഗത വകുപ്പിന്റെ ജെട്ടി ഉണ്ടെങ്കിലും ചെളി അടിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ മട്ടാഞ്ചേരി സർവീസ് ഇല്ല. ടെർമിനൽ നിർമാണം പൂർത്തിയായാൽ വാട്ടർ മെട്രോ മട്ടാഞ്ചേരി സർവീസ് ആരംഭിക്കും. അപ്പോഴേക്കും പുതുതായി 3 ബോട്ടുകൾ കൂടി എത്തും. വാട്ടർ മെട്രോയുടെ 6 –ാമതു റൂട്ട് ആയിരിക്കും ഇത്.
ടൂറിസ്റ്റ് സർവീസ്
നഗരത്തോടു ചേർന്നു കിടക്കുന്ന ദ്വീപുകളിലെ താമസക്കാർക്കു മെട്രോയുടെ അതേ നിലവാരമുള്ള ജലഗതാഗതം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു വാട്ടർ മെട്രോ തുടങ്ങിയതെങ്കിലും യാത്രക്കാരിൽ അധികവും ടൂറിസ്റ്റുകളാണ്. കൊച്ചിക്കാരും ടൂറിസ്റ്റുകളുടെ ഗണത്തിലുണ്ട്. ഒരു വർഷം കൊണ്ട് പലവിധമാണു വാട്ടർ മെട്രോ കൊച്ചിയിൽ സാന്നിധ്യമായത്. നഗരത്തിൽ ഒരു മണിക്കൂർ സമയം ചെലവിടേണ്ടൊരാൾക്കു ചെലവു കുറഞ്ഞൊരു നേരം പോക്കായും വാട്ടർ മെട്രോ ഉപകരിക്കും. മറൈൻഡ്രൈവിൽ വാഹനം പാർക്ക് ചെയ്ത്, ഹൈക്കോർട്ട് ടെർമിനലിൽ നിന്നു ബോട്ടിൽ കയറി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി കറങ്ങി തിരികെ മറൈൻഡ്രൈവിൽ എത്തുന്ന ടൂർ സർക്കിളാണു പുതിയ രീതി.
മനോഹര യാത്ര ചിറ്റൂരിലേക്ക്
ഏറ്റവും നയന മനോഹരമായ ജലയാത്ര സൗത്ത് ചിറ്റൂരിലേക്കാണെങ്കിലും യാത്രക്കാർക്ക് അതിന്റെ ഗുട്ടൻസ് പിടികിട്ടിയിട്ടില്ല. തുരുത്തുകളും ദ്വീപുകളും ചുറ്റി 7 കിലോമീറ്റർ കറങ്ങുന്ന യാത്രയാണെങ്കിലും പുറത്തുനിന്നുള്ള യാത്രക്കാർ കുറവാണ്. കൊച്ചിയിലെത്തുന്ന വിദേശികൾക്കു മുന്നിലും ഇൗ റൂട്ട് പരിചയപ്പെടുത്തുന്നില്ല. രാവിലെയും വൈകിട്ടും ഓഫിസ് സമയത്തു മാത്രമേ വാട്ടർ മെട്രോ ബോട്ട് ഓടിക്കുന്നുള്ളു. അതുകൊണ്ടാവാം ടൂറിസ്റ്റുകൾ കയറാത്തത്. 40 രൂപയ്ക്കാണു ടിക്കറ്റ്.
സ്ഥിരം യാത്രക്കാർ കൂടുതൽ വൈറ്റില– കാക്കനാട്
വാട്ടർ മെട്രോയിൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കൂടിവരുന്നു. ടൂറിസ്റ്റുകളല്ലാത്ത സ്ഥിരം യാത്രക്കാർ കൂടുതലുള്ളത് വൈറ്റില– കാക്കനാട് റൂട്ടിൽ. അടുത്ത മാസം മുതൽ കെഎംആർഎലിന്റെ ഇ ബസ് ഫീഡർ സർവീസ് ആയി ഓടുന്നതോടെ കൂടുതൽ യാത്രക്കാരുണ്ടാവും. ഇൻഫോ പാർക്കിനെയും കാക്കനാടിനെയും ബന്ധിപ്പിച്ചാവും ബസ് സർവീസ്. ചിറ്റേത്തുകരയിലെ മെട്രോ ടെർമിനലിൽ നിന്നു നേരത്തേ കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തിയെങ്കിലും ഇടയ്ക്കിടെ മുടങ്ങിയതോടെ തുടർ യാത്രകൾ അനിശ്ചിതത്വത്തിലായി. സിവിൽ ലൈൻ റോഡിൽ മെട്രോ നിർമാണം മൂലം ഗതാഗതക്കുരുക്ക് ഏറുമ്പോൾ വൈറ്റില– കാക്കനാട് വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഇനിയും കൂടൂം.
5 റൂട്ടുകൾ
ഹൈക്കോടതി– വൈപ്പിൻ, ഹൈക്കോടതി – ഫോർട്ട് കൊച്ചി, ഹൈക്കോടതി – സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ– ചേരാനല്ലൂർ, വൈറ്റില– കാക്കനാട്. ഹൈക്കോടതിയിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കാണു യാത്രക്കാർ കൂടുതൽ. മൊത്തം യാത്രക്കാരുടെ 60 % ഹൈക്കോടതി ജെട്ടിയിൽ നിന്നു യാത്ര തുടങ്ങുന്നവരാണ്. വാട്ടർ മെട്രോയ്ക്ക് ഏറ്റവും വരുമാനമുള്ള റൂട്ടും ഫോർട്ട്കൊച്ചിയാണ്.