മുനമ്പം– അഴീക്കോട് പാലത്തിന്റെ കോൺക്രീറ്റിങ് തുടങ്ങി: പാലത്തിനും അനുബന്ധ റോഡിനും കൂടി 1124 മീറ്റർ നീളം
Mail This Article
വൈപ്പിൻ∙ മുനമ്പം – അഴീക്കോട് പാലത്തിന്റെ കോൺക്രീറ്റിങ് ജോലികൾക്ക് തുടക്കമായി. അഴീക്കോട് ഭാഗത്ത് പാലത്തിന്റെ തുടക്കത്തിൽ 30 മീറ്റർ നീളത്തിൽ രണ്ട് സ്‌പാനുകളുടെ കോൺക്രീറ്റിങ്ങാണ് ആരംഭിച്ചത്. ഈ ഭാഗത്ത് പാലത്തിന്റെ പൈലിങ് ജോലികളും തുണുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
നിലവിൽ കായൽ ഭാഗത്തെ പൈലിങ് ജോലികളുടെ 60 ശതമാനം പൂർത്തിയായതായി ഇ.ടി.ടൈസൺ എംഎൽഎ അറിയിച്ചു. ബാക്കിയുള്ളവയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ആകെ 196 പൈലുകളാണുള്ളത്. 126 എണ്ണം പൂർത്തിയായി. 34 പൈൽ ക്യാപുകളിൽ 13 എണ്ണത്തിന്റെയും 55 തൂണുകളിൽ 20 എണ്ണത്തിന്റെയും നിർമാണം കഴിഞ്ഞു.
കൂടാതെ മുനമ്പം ഭാഗത്തും പൈലിങ് ജോലികൾ പുരോഗമിക്കുന്നതായി എംഎൽഎ പറഞ്ഞു. പാലത്തിനും അനുബന്ധ റോഡിനും കൂടി 1124 മീറ്റർ നീളമാണുള്ളത്. പാലത്തിന് മാത്രം 875 മീറ്റർ നീളവും 15.70 മീറ്റർ വീതിയും ഉണ്ടാകും. ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാതയും 1.8 മീറ്റർ സൈക്കിൾ ട്രാക്കും സജ്ജമാക്കുന്നുണ്ട്.
പാലം പദ്ധതിക്കു വേണ്ടി മുനമ്പം ഭാഗത്ത് 53 സെന്റ് സ്ഥലവും അഴീക്കോട് ഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ ഭൂമി ഉൾപ്പെടെ 106 സെന്റ് സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ വർഷമാണ് നിർമാണം ആരംഭിച്ചത്.