ADVERTISEMENT

കൊച്ചി ∙ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.

മുദ്രവച്ച കവറിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പരിശോധിച്ച ശേഷം വിധി പറയാമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. അതുവരെ പ്രതികൾക്കെതിരെ കടുത്ത നടപടികളൊന്നും പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കൗണ്‍സിലിങ്ങിന് പോകാനും അതിനുശേഷം കേസ് നടപടികൾ അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുവർക്കും കൗൺസിലിങ് നൽകിയതും ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചതും.

കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയെ ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. എന്നാൽ വിഷയം വിവാദമായതോടെ വധശ്രമക്കേസും ഉൾപ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. ഇതിനിടെയാണ്, തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും കാട്ടി ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.

English Summary:

Petition to quash Pantheerankavu Domestic Violence case adjourned for judgment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com