വൈറ്റില - കാക്കനാട് വാട്ടർ മെട്രോ; കൊച്ചിയിലെ ദുരിത യാത്രയ്ക്ക് ആശ്വാസം
Mail This Article
കൊച്ചി ∙ വൈറ്റില വഴി കാക്കനാടിനു പോയാലോ? മെട്രോ കാക്കനാട് ലൈൻ നിർമിക്കുന്നതിനെ തുടർന്ന്, പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള യാത്ര പ്രയാസകരമാണ്. കലൂരിൽ നിന്നു കാക്കനാട് വരെ മുക്കാൽ മണിക്കൂറിനുള്ളിൽ സുഖമായി ബസിൽ എത്താമായിരുന്നത് ഇപ്പോൾ ഒരു മണിക്കൂറും ഒന്നരമണിക്കൂറുമായി മാറി. ഇരുചക്രവാഹനയാത്രക്കാർ പോലും സമയത്ത് എത്താൻ കഴിയാതെ വിഷമിക്കുന്നു. കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഈ അവസ്ഥ തുടരാനും സാധ്യതയുണ്ട്.
വൈറ്റില വഴി കാക്കനാടിന് വാട്ടർ മെട്രോയിൽ പോകുന്നത് യാത്രാദുരിതത്തിന് ആശ്വാസമേകും. രാവിലെ 7.35 മുതൽ രാത്രി 7 വരെ വൈറ്റില– കാക്കനാട് വാട്ടർ മെട്രോ ബോട്ട് ഓടുന്നു. ഏതാണ്ട് ഇതേ സമയം കാക്കനാട് നിന്നു വൈറ്റിലയ്ക്കു തിരിച്ചും ബോട്ടുണ്ട്. കാക്കനാട് ചിറ്റേത്തുകര ടെർമിനലിൽ നിന്നു വൈറ്റിലയ്ക്കുള്ള അവസാന ബോട്ട് 7.35ന് തിരിക്കും. കലൂർ – കാക്കനാട് ബസ് ഫെയർ 15 രൂപയാണ്. അവിടെനിന്നു മറ്റൊരു ബസിൽ കയറി ഇൻഫോ പാർക്കിലെത്താൻ കുറഞ്ഞത് 10 രൂപയെങ്കിലുമാകും.
ഏതാണ്ട് ഇതേ നിരക്കിൽ വാട്ടർ മെട്രോയിൽ ഇതേ സ്ഥലത്ത് ഇതിലും കുറഞ്ഞ സമയത്ത് എത്താം. ചിറ്റേത്തുകര ടെർമിനലിൽ ബോട്ട് ഇറങ്ങിയാൽ തുടർയാത്രയ്ക്ക് ഒരു വഴിയുമില്ലാത്തതാണു ആളുകൾ ബോട്ടിൽ കയറാത്തതിന്റെ പ്രധാന കാരണം. ഒരു മാസം കൂടി ഇതേ അവസ്ഥ തുടരും. അടുത്തമാസം അവസാനത്തോടെ ഫീഡർ ബസുകൾ വന്നാൽ, ബോട്ട് ടെർമിനലിലെത്തുമ്പോഴേക്കും കാക്കനാടിനും ഇൻഫോ പാർക്കിനും ആളുകൾക്കു പോകാൻ ഫീഡർ ബസുകളുണ്ടാവും. ആളുകളുടെ എണ്ണം അനുസരിച്ചു ബസുകൾ എത്തിക്കാൻ സംവിധാനമുണ്ട്. കലൂരിൽ നിന്നു വൈറ്റില വരെ മെട്രോയ്ക്ക് 30 രൂപ. 30 രൂപയ്ക്കു വാട്ടർ മെട്രോയിൽ കാക്കനാട് എത്താം.
എന്നാൽ വാട്ടർ മെട്രോയുടെ 3 മാസത്തെ പാസ് എടുത്താൽ 30 രൂപയുടെ യാത്ര 10നു കിട്ടും. ഒരു മാസത്തെ പാസ് ആയാൽ 12 രൂപയ്ക്കു യാത്രയാവാം. ആഴ്ചപ്പാസിനു പോലും 50% ഡിസ്കൗണ്ട് ഉണ്ട്. മെട്രോ ടിക്കറ്റിനും ഇതേ ഇളവുണ്ട്. മെട്രോയിലെ സ്റ്റുഡന്റ് പാസിൽ യാത്ര ചെയ്താൽ കലൂർ– കാക്കനാട് 10 രൂപയേ വരൂ. മെട്രോയിലും വാട്ടർ മെട്രോയിലും പാസ് എടുത്താൽ കാക്കനാട് രാജഗിരിയിൽ പഠിക്കുന്നൊരാൾക്ക് 20 രൂപയ്ക്കു കലൂർ നിന്നു കാക്കനാട് എത്താം. വിദ്യാർഥിയല്ലാത്തയാൾക്കു കൊച്ചി വൺ കാർഡിന്, 30 രൂപയുടെ ടിക്കറ്റ് 24 രൂപയായി കുറയും. കാർഡിൽ ട്രിപ് പാസ് ആഡ് ചെയ്താൽ അത് 20 രൂപയാകും.
രാവിലെ 9.15 വരെ 25 മിനിറ്റും ബാക്കി സമയത്ത് 30 മിനിറ്റും ഇടവേളയിൽ ബോട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൂടിയാൽ ബോട്ടിന്റെ ഇടവേള കുറയും. അവസാന ബോട്ട് 7.30 എന്നതു കൂടുതൽ നീട്ടാനും കഴിയും. പൊടിയും പുകയും ശ്വസിച്ച്, മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ കിടന്നു ജോലിസ്ഥലത്തോ, വിദ്യാലയത്തിലോ ചെല്ലുന്നതാണോ, അതോ, സുഖമായി, അധികം പണം നൽകാതെ സമയത്ത് ഇൗ സ്ഥലങ്ങളിൽ എത്തുന്നതാണോ നല്ലത്. ഏതായാലും അടുത്ത മാസം ഫീഡർ ബസുകൾ കൂടി വരുമ്പോൾ വൈറ്റില വഴി കാക്കനാടിന് ഒന്നുപോയി നോക്കാം.